കോട്ടയം മെഡിക്കല്‍ കോളജ് അപകടം; കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാ; അടിയന്തര അറ്റകുറ്റപണികള്‍ പോലും ചെയ്തിട്ടില്ല; മേല്‍ക്കൂരയില്‍ സിമന്റ് പാളികള്‍ ഇളകിയ നിലയല്‍; പലടത്തും മരങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങി; പഞ്ചായത്തുമായും സഹകരണമില്ല
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടങ്ങള്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ ഇല്ലാതെ നിഷ്‌ക്രിയമായ സാഹചര്യത്തില്‍ നിലനില്‍ക്കുന്നുവെന്നു ആര്‍പ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുണ്‍ കെ. ഫിലിപ്പ് വ്യക്തമാക്കി. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ സിമന്റ് പാളികള്‍ ഇളകിയ നിലയിലായിരുന്നുവെന്നും മരങ്ങളുടെ വേരുകള്‍ കെട്ടിടത്തില്‍ കടന്നതോടെ ഘടനാഭാഗങ്ങള്‍ക്ക് വലിയ ബലക്ഷയം ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലായിരുന്നുവെന്നതും ശ്രദ്ധേയമാണ്. ''മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് മുന്‍കൂര്‍ വിവരം നല്‍കുന്നതില്‍ വലിയ വീഴ്ചയുണ്ട്. പല കെട്ടിടങ്ങള്‍ക്കും നമ്പറുകള്‍ പോലും നല്‍കിയിട്ടില്ല. നിയമങ്ങള്‍ പൊട്ടിച്ചെറിയുന്ന രീതിയിലാണ് ഭരണം' പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോപിച്ചു.
പുതിയ കെട്ടിടങ്ങള്‍ പോലും അപകടമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്ന സാഹചര്യത്തിലാണെന്നും, അധികൃതരുടെ മറുപടി പതിവായി നിഷേധാത്മകമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കി കെട്ടിടങ്ങളുടെ സാങ്കേതിക അവസ്ഥ വിശദമായി റിപ്പോര്‍ട്ട് ചെയ്യണമെന്നതാണ് പഞ്ചായത്തിന്റെ തീരുമാനം.
അതിനിടെ, അപകടമുണ്ടായ കെട്ടിടം റവന്യു വകുപ്പ് സംഘം ഇന്ന് സന്ദര്‍ശിക്കും. കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തീരുമാനം. സംഭവം തുടര്‍ന്നും വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിലാണ്. ദുരന്തത്തിന്റെ ഉത്തരവാദിത്വം ഒഴിവാക്കാനായുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് പ്രതിപക്ഷം പ്രഖ്യാപിച്ചിരിക്കുന്നത്.