മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ പിആർ ഏജൻസിയുടെ ആവശ്യമില്ല; പറയാനുള്ളത് പറയും; നാണമുണ്ടെങ്കിൽ മാധ്യമങ്ങൾ മാപ്പുപറയാൻ തയ്യാറാകണം; വിവാദങ്ങളിൽ മുഖ്യന് പ്രതിരോധം തീർത്ത് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മാധ്യമ അഭിമുഖവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. മുഖ്യമന്ത്രിക്ക് അഭിമുഖം കൊടുക്കാൻ പിആർ ഏജൻസിയുടെ സഹായം ഇല്ലെന്ന് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷെ 'ദി ഹിന്ദു' വിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യത്തിന് റിയാസ് മറുപടി പറഞ്ഞില്ല.
വിഷയത്തിൽ ഉയർന്ന വിമർശനങ്ങളിൽ മാധ്യമങ്ങളെ അധിക്ഷേപിച്ച റിയാസ് മുഖ്യമന്ത്രിയെ പിന്തുണച്ചാണ് ഇപ്പോൾ സംസാരിച്ചത്. മുഖ്യമന്ത്രിക്ക് പറയാനുണ്ടെങ്കിൽ ഇടനിലക്കാരന്റെ ആവശ്യമില്ല. മാധ്യമങ്ങൾ എന്തു പ്രചാരണം നടത്തിയാലും ഇടതുപക്ഷ രാഷ്ട്രീയം പറയും. കൂടുതൽ പ്രതികരണം മുഖ്യമന്ത്രിയും ഓഫീസും നടത്തുമെന്നും റിയാസ് വ്യക്തമാക്കി.
മലപ്പുറം ജില്ലയേയും മതന്യൂനപക്ഷങ്ങളേയും മുഖ്യമന്ത്രി അപമാനിച്ചു എന്ന് നടത്തിയ പ്രചരണത്തിന് അല്പമെങ്കിലും നാണമുണ്ടെങ്കിൽ മാധ്യമങ്ങൾ മാപ്പുപറയാൻ തയ്യാറാകണമെന്നും അദ്ദേഹം തുറന്നടിച്ചു.
ഇതിനിടെ ദി ഹിന്ദു ദിനപത്രത്തിലെ വിവാദ അഭിമുഖത്തിലെ പിആർ ഏജൻസി സഹായത്തിൽ ഇനിയും പ്രതികരിക്കാതെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇപ്പോഴും തുടരുകയാണ്.
ഏജൻസിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജൻസിയുമായുള്ള ബന്ധത്തിൻ്റെ തെളിവാണെന്ന വാദവും ഇപ്പോൾ ശക്തമാകുന്നു.