പാലക്കാട് യുഡിഎഫ് - എല്‍ഡിഎഫ് പോരിന്റെ ഗുണം ബിജെപിക്ക്; പൊതുസ്വതന്ത്രനെ തീരുമാനിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്ന് വീണ്ടും പി വി അന്‍വര്‍

ബിജെപി ജയിക്കാതിരിക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണം

Update: 2024-10-18 13:17 GMT

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരം നടന്നാല്‍ നേട്ടം ബിജെപിക്കാവുമെന്നും ഇന്ത്യ മുന്നണിയുടെ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നും പിവി അന്‍വര്‍. രണ്ട് മുന്നണികളും അവരവരുടെ വോട്ടുപിടിച്ചാല്‍ ബിജെപിക്ക് അനായാസം ജയിക്കാനാവും. ബിജെപി ജയിക്കാതിരിക്കാന്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒന്നിച്ച് നില്‍ക്കണം. സംസ്ഥാന നേതാവ് സുരേന്ദ്രനെ വരെ ബിജെപി സ്ഥാനാര്‍ത്ഥിയായി ആലോചിക്കുന്നത് ജയിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ടാണെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം ആലോചിച്ച് പാലക്കാട് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തണം. ബിജെപിയുടെ ജയം തടയുകയാണ് വേണ്ടത്. ഇത് രാജ്യത്താകെ മതേതര കക്ഷികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ആശ്വാസമാകും. കേരളത്തില്‍ ബിജെപിക്ക് സീറ്റ് കൊടുക്കുന്നത് കേരളത്തിന്റെ മതേതര പുരോഗമന പാരമ്പര്യത്തിന് കളങ്കമാകും. ഇടത് - വലത് മുന്നണികള്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം.

അല്ലെങ്കില്‍ തൃശൂര്‍ ഇവിടേയും ആവര്‍ത്തിക്കുമെന്നും അന്‍വര്‍ പറയുന്നു. പൊതുസ്ഥാനാര്‍ത്ഥിയെ പാലക്കാട് നിര്‍ത്തുകയാണെങ്കില്‍ ഡിഎംകെ പിന്തുണക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പൊതുസ്ഥാനാര്‍ത്ഥിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അന്‍വര്‍ പറഞ്ഞു.

യു ഡി എഫിനോടും എല്‍ഡിഎഫനോടും ഇക്കാര്യം ആവശ്യപ്പെട്ടു. എല്‍ഡിഎഫ് ചര്‍ച്ചക്കില്ലെന്ന് പറഞ്ഞു. യുഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ചേലക്കരയില്‍ മത്സരവുമായി മുന്നോട്ട് പോകുമെന്നും അന്‍വര്‍ വ്യക്തമാക്കി.

നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പാലക്കാടും ചേലക്കരയും പി.വി അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജ് പാലക്കാടും കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി ഇറങ്ങിയ എന്‍.കെ.സുധീര്‍ ചേലക്കരയിലും മത്സരിക്കും. ചേലക്കരയില്‍ സീറ്റ് ലഭിക്കാതെ കോണ്‍ഗ്രസിനോട് പിണങ്ങിയിറങ്ങിയതായിരുന്നു സുധീര്‍.

Tags:    

Similar News