മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായ സ്ത്രീ തൂങ്ങി മരിച്ചു; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്

മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്റെ ആക്രമണത്തിന് ഇരയായ സ്ത്രീ തൂങ്ങി മരിച്ചു; മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ്

Update: 2025-01-07 02:12 GMT

കലവൂര്‍: മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായ സ്ത്രീ ജീവനൊടുക്കി. മാരാരിക്കുളം തെക്കുപഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് കാട്ടൂര്‍ പുത്തന്‍പുരയ്ക്കല്‍ തങ്കമ്മ(58)യാണ് അടുക്കളയോടു ചേര്‍ന്നുള്ള വര്‍ക്ക് ഏരിയയില്‍ തൂങ്ങിമരിച്ചത്. സംഭവം നടന്ന് അഞ്ചാം നാള്‍ ഇവര്‍ ആത്മഹത്യ ചെയ്യുക ആയിരുന്നു.

തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ ഭര്‍ത്താവ് ജോണ്‍കുട്ടിയാണ് തങ്കമ്മയെ തൂങ്ങിയനിലയില്‍ കണ്ടത്. ജോണ്‍കുട്ടിയും അയല്‍വാസികളും ചേര്‍ന്ന് ചെട്ടികാട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്നും ആത്മഹത്യയാണെന്നും മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ പി. ജോസഫ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 8.45-ഓടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. അടുക്കളവാതില്‍വഴി എത്തിയാണ് അക്രമി ഉപദ്രവിച്ചതെന്ന് തങ്കമ്മ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അടിച്ചു താഴെയിട്ട ശേഷം വലിച്ചിഴച്ചുകൊണ്ടുപോയി തൊട്ടടുത്ത മുറിയിലെത്തിച്ചും മര്‍ദിച്ചു. തുടര്‍ന്ന് ജനാലക്കമ്പിയില്‍ തല പുറകോട്ടാക്കി കഴുത്ത് കെട്ടിയിട്ടു. കൈയും കാലും കൂട്ടിക്കെട്ടിയ ശേഷം അലമാരകള്‍ തുറന്ന് പരിശോധിക്കുകയും ചെയ്‌തെന്നായിരുന്നു മൊഴി. മുഖം മൂടിയിരുന്നതിനാല്‍ അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. പണികഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം കാണുന്നത്. ഉടന്‍ തങ്കമ്മയെ ആശുപത്രിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പ്രദേശവാസികളായ പലരേയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതിയെ കുറിച്ചുള്ള സൂചന കിട്ടിയില്ല.

ധരിച്ചിരുന്ന ആഭരണങ്ങളോ വീട്ടില്‍ സൂക്ഷിച്ച പണമോ നഷ്ടമായിരുന്നില്ല. ഇതിനാല്‍ അക്രമിയുടെ ഉദ്ദേശമെന്തായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. തങ്കമ്മയുടെ മരണത്തോടെ പ്രതിയിലേക്ക് എത്താവുന്ന ഏക പിടിവള്ളിയും പോലീസിന് നഷ്ടമായി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കാരം കാട്ടൂര്‍ സെയ്ന്റ് മൈക്കിള്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. വിദേശത്തുള്ള മകള്‍ വന്നശേഷമേ സമയം തീരുമാനിക്കൂ.

Tags:    

Similar News