സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാര്‍ ഇടിച്ച് തെറിപ്പിച്ചു ഗുരുതര പരുക്ക്; ഉണ്ണികുട്ടന്‍ മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥി

Update: 2025-01-07 04:44 GMT

പത്തനംതിട്ട: റോഡരികില്‍ സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുന്നതിനിടെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയെ കാറിടിച്ച് തെറിപ്പിച്ചു. കല്ലറക്കടവ് വല്യത്ത് പുത്തന്‍ വീട്ടില്‍ എസ്.സൂരജ്(ഉണ്ണിക്കുട്ടന്‍ 18)ആണ് അപകടത്തില്‍പ്പെട്ടത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.

മലയാലപ്പുഴ മുസലിയാര്‍ കോളേജിലെ ഒന്നാം വര്‍ഷ ബി.ടെക് വിദ്യാര്‍ത്ഥിയായ സൂരജ് പ്രമാടത്ത് സഹപാഠികള്‍ ചേര്‍ന്നുള്ള പരീക്ഷാപഠനത്തിനായി വന്നതാണ്. കൂട്ടുകാരനെ വിളിച്ചുകൊണ്ടുവരാന്‍ പോകുന്നതിനിടെ പൂങ്കാവ് താഴൂര്‍ക്കടവ് റോഡില്‍ കോട്ടയം കുരിശുംമൂടിന് സമീപം വഴിയരികില്‍ സ്‌കൂട്ടര്‍ വച്ച ശേഷം ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു. ഇതിനിടെയാണ് നിയന്ത്രണം വിട്ട് വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചത്. കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷം കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി രക്ഷപെട്ടു. നാട്ടുകാരാണ് സൂരജിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.

പരുക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. കൊണ്ടുപോകും വഴി സ്ഥിതി കൂടുതല്‍ വഷളായതിനാല്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുികയായിരുന്നു. കാര്‍ കസ്റ്റഡിയില്‍ എടുത്ത പത്തനംതിട്ട പോലീസ് അന്വേഷണം ആരംഭിച്ചു.

Similar News