ഉത്പാദനം കുറഞ്ഞു; ഏലയ്ക്കാ വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ഉത്പാദനം കുറഞ്ഞു; ഏലയ്ക്കാ വില നാലു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
കട്ടപ്പന: ഏലം വില നാലുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നനിലയില്‍. വ്യാഴാഴ്ച ആര്‍.എന്‍.എസ്. സ്പൈസസ് നടത്തിയ ഇ-ലേലത്തിലാണ് ഉയര്‍ന്ന വിലയായി 4511 രൂപ ലഭിച്ചത്. 312 ലോട്ടുകളിലായി 79647.7 കിലോ ഏലക്കായ വിറ്റ ലേലത്തില്‍ ശരാശരി വില 3114 രൂപയും ലഭിച്ചു. മുന്‍വര്‍ഷം ഉണ്ടായ ഉഷ്ണതരംഗവും തുടര്‍ന്നുള്ള അതിവര്‍ഷവുംമൂലം ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.
2020-നുശേഷം ആദ്യമായാണ് ഇ-ലേലത്തില്‍ റെക്കോഡ് തുക ലഭിക്കുന്നത്. ഉഷ്ണതരംഗത്തില്‍ ഏലച്ചെടികള്‍ ഉണങ്ങിയിരുന്നു. അതിവര്‍ഷത്തില്‍ ചെടികള്‍ അഴുകുകയുംചെയ്തു. 2024 ജൂണില്‍ ഉത്പാദനം ഇടിഞ്ഞെങ്കിലും ഇരിപ്പുകായ (സംഭരിച്ചുവെച്ച ഏലക്കായ) വലിയ അളവില്‍ കമ്പോളത്തില്‍ എത്തിയതിനാല്‍ വില ഉയര്‍ന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭരിച്ച എലക്കായ ഇല്ലാത്തതിനാല്‍, കമ്പോളത്തില്‍ നടപ്പുകായ (വിളവെടുത്ത ഉടനെയുള്ളത്) മാത്രമേ എത്തുന്നുള്ളൂ. നടപ്പുകായ ആവശ്യത്തിന് ലഭിക്കുന്നുമില്ല.
കാലാവസ്ഥാ വ്യതിയാനത്തില്‍ നശിച്ച ഏലത്തോട്ടങ്ങളില്‍ പുതിയ ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ കര്‍ഷകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും തടസ്സങ്ങള്‍ ഏറെ. തൊഴിലാളികളെ ലഭിക്കാത്തതും തട്ടയ്ക്ക് (പുനര്‍കൃഷിക്കുള്ള ഏലച്ചെടി) വില ഉയര്‍ന്നതും പുനര്‍കൃഷിക്ക് ഇറങ്ങിയവര്‍ക്ക് തിരിച്ചടിയാണ്. മുന്‍പ് 60 രൂപയുണ്ടായിരുന്ന ഏലത്തട്ടയൊന്നിന് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോള്‍ വില. പുനര്‍കൃഷി നടത്തി ഉടന്‍ വിളവെടുക്കാന്‍ കഴിയില്ല. അതിനാല്‍, ഉയര്‍ന്നവിലയുടെ പ്രയോജനം കര്‍ഷകര്‍ക്ക് പൂര്‍ണതോതില്‍ ലഭിക്കില്ല.