കൊച്ചിയില്‍ ടൂറിസം പാക്കേജിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; പണം നഷ്ടമായത് അറുപതിലധികം പേര്‍ക്ക്
കൊച്ചിയില്‍ ടൂറിസം പാക്കേജിന്റെ മറവില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്; പണം നഷ്ടമായത് അറുപതിലധികം പേര്‍ക്ക്
കൊച്ചി: ടൂറിസം പാക്കേജിന്റെ മറവില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. കൊച്ചിയില്‍ 60-പേരാണ് നിലവില്‍ പരാതിയുമായി രംഗത്തുവന്നത്. വിനോദ സഞ്ചാരികളെ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ ഓഫറില്‍ ബുക്കിങ് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പിനിരയാക്കിയത്. 50,000 മുതല്‍ 1.5 ലക്ഷം രൂപവരെയാണ് തട്ടിയെടുത്തത്.
ക്ലബ് ഡബ്ല്യു എന്ന സ്ഥാപനത്തിനെതിരേയാണ് പരാതി. നിശ്ചിത താരിഫിലുള്ള പാക്കേജ് എടുക്കുന്നവര്‍ക്ക് ഓഫറുകളും 50,000 രൂപവരെ സ്റ്റേ വൗച്ചറും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എളമക്കര പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസെടുത്തിരിക്കുന്നത്. ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ് സൈറ്റുകളിലേതിനേക്കാള്‍ നിരക്ക് കുറവും വാഗ്ദാനം ചെയ്തിരുന്നു. പാക്കേജില്‍ അംഗങ്ങളായവര്‍ക്ക് പലര്‍ക്കും ഈ ആനുകൂല്യം കിട്ടിയില്ല. ഇതോടെ പലരും പരാതിയുമായി രംഗത്ത് എത്തി.
തുടര്‍ന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് ശങ്കര്‍, ഡയറക്ടര്‍മാരായ മുബനീസ് അലി, പ്രണവ് എന്നിവരെ ഒന്നുമുതല്‍ മൂന്നുവരെ പ്രതികളാക്കി കേസെടുത്തു. കിഴക്കമ്പലം സ്വദേശി സി.ആര്‍. രജത് നല്‍കിയ പരാതിയിലാണ് നടപടി. സ്റ്റേ വൗച്ചര്‍ നല്‍കാതെ വന്നപ്പോള്‍ കമ്പനിയില്‍ അടച്ച പണം ആവശ്യപ്പെട്ടെങ്കിലും തിരിച്ചുകിട്ടിയില്ല.
ഒന്നാംപ്രതിയും മാനേജിങ് ഡയറക്ടറുമായ അരവിന്ദ് ശങ്കര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കുകയും തട്ടിപ്പ് നടത്തുകയുമാണെന്ന് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡയറക്ടര്‍മാരിലൊരാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.