രണ്ടാഴ്ച മുമ്പ് തെരുവു നായ ആക്രമിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ല; പനി ബാധിച്ച് ആശുപത്രിയിലെത്തിയതോടെ കണ്ടെത്തിയത് പേ വിഷബാധയുടെ ലക്ഷണം: ഒന്‍പതു വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു നാട്
രണ്ടാഴ്ച മുമ്പ് തെരുവു നായ ആക്രമിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ല; പനി ബാധിച്ച് ആശുപത്രിയിലെത്തിയതോടെ കണ്ടെത്തിയത് പേ വിഷബാധയുടെ ലക്ഷണം: ഒന്‍പതു വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു നാട്
ആലപ്പുഴ: രണ്ടാഴ്ച മുമ്പ് സ്‌കൂളില്‍ നിന്നും മടങ്ങും വഴിയാണ് അവനെ തെരുവു നായ ആക്രമിച്ചത്. എന്നാല്‍ പേടി കൊണ്ടോ അതിന്റെ പ്രത്യാഘാതം അറിയാത്തതു കൊണ്ടോ ആ കുരുന്ന് വീട്ടില്‍ വിവരം പറഞ്ഞില്ല. കഴിഞ്ഞ ദിവസം പനിയുമായി ആശുപത്രിയിലെത്തുമ്പോഴാണ് ആ ഒന്‍പതു വയസ്സുകാരനില്‍ പേ വിഷബാധ സ്ഥിരീകരിക്കുന്നത്.
കളി ചിരികളുമായി ഓടി നടന്ന ആ കുരുന്നിനു വേണ്ടി ഒരു നാടു മുഴുവന്‍ പ്രാര്‍ഥനയോടെയും നിറകണ്ണുകളോടെയും കാത്തിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പു സൈക്കിളില്‍ വീട്ടില്‍ പോകുമ്പോഴാണ് തെരുവുനായ അവനെ ആക്രമിച്ചത്. എന്നാല്‍ ഈ വിവരം കുട്ടി വീട്ടില്‍ പറഞ്ഞിരുന്നില്ല. ചാരുംമൂട് സ്വദേശിയാണു കുട്ടി. പനി ബാധിച്ചതിനെത്തുടര്‍ന്നു നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്.
ഉടന്‍ തന്നെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തെരുവുനായ കുട്ടിയെ ആക്രമിക്കാന്‍ ശ്രമിക്കുകയും സൈക്കിളിന്റെ ടയറില്‍ കടിക്കുകയും ചെയ്തിരുന്നു. കുട്ടി താഴെ വീണപ്പോള്‍ തുടയില്‍ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലില്‍ കൊണ്ടതായാണു നിഗമനം. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവര്‍ക്കും കുട്ടി പഠിക്കുന്ന സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ആരോഗ്യ വകുപ്പ് അധികൃതര്‍ പേവിഷ പ്രതിരോധ കുത്തിവയ്പു നല്‍കി.