പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും
പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
ആലപ്പുഴ: പച്ചക്കറി കടയിലെ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതിയായ സനു നിലയം വീട്ടില്‍ മുത്ത് എന്ന് വിളിക്കുന്ന സനുദേവി( 37)നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ് ഭാരതി ശിക്ഷ വിധിച്ചത്. തുറവൂര്‍ ജംങ്ഷന് സമീപമുള്ള കടയിലെ ജീവനക്കാരനെയാണ് പ്രതി കുത്തിക്കൊന്നത്.
2023 ജൂണ്‍ മൂന്നിന് രാത്രിയാണ് സംഭവം. തുറവൂര്‍ പഞ്ചായത്തില്‍ നികര്‍ത്തില്‍ വീട്ടില്‍ മിഥുന്‍ (29) ആണ് കൊല്ലപ്പെട്ടത്. മിഥുന്‍ ജോലി ചെയ്യുന്ന പച്ചക്കറി കടയിലെത്തിയ സനു ബഹളം വയ്ക്കുകയും മിഥുനെ കുത്തി കൊല്ലുകയുമായിരുന്നു. കൊല്ലപ്പെട്ട മിഥുന്റെ അമ്മ പ്രസന്നകുമാരിയെ പ്രതി ചീത്തവിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് സനുദേവ്. മിഥുന്റെ അമ്മയക്ക് ഒരു ലക്ഷം രൂപ നഷ്ട പരിഹാരം കൊടുക്കാനും വിധിയുണ്ട്. കൊലപാതകം നടന്ന കടയിലെ മറ്റ് ജീവനക്കാരും ഉടമയും കൂറ് മാറിയ കേസില്‍ ചുമട്ട് തൊഴിലാളി രതീഷിന്റെയും മീന്‍ കച്ചവടം നടത്തുന്ന പ്രസന്നയുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും ഈ കേസില്‍ നിര്‍ണായകമായി.പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ് എ ശ്രീമോന്‍, അഭിഭാഷകരായ നാരായണ്‍ ജി അശോക് നായര്‍, ദീപ്തി കേശവ് എന്നിവര്‍ ഹാജരായി.