കെഎസ്യുവില്‍ കൂട്ട അച്ചടക്ക നടപടി; 12 ജില്ലകളില്‍ നിന്നായി 130 പേര്‍ക്ക് സസ്‌പെന്‍ഷന്‍
കെഎസ്യുവില്‍ കൂട്ട അച്ചടക്ക നടപടി; 12 ജില്ലകളില്‍ നിന്നായി 130 പേര്‍ക്ക് സസ്‌പെന്‍ഷന്‍
കൊല്ലം: കെഎസ്യുവില്‍ കൂട്ട അച്ചടക്ക നടപടി. സംഘടനാപ്രവര്‍ത്തനങ്ങളില്‍നിന്ന് തുടര്‍ച്ചയായി വിട്ടുനില്‍ക്കുന്നവര്‍ക്കും സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ലഹരിക്കെതിരായ പ്രചാരണപരിപാടിയില്‍ പങ്കെടുക്കാത്തവര്‍ക്കുമെതിരേയാണ് കെഎസ്‌യു അച്ചടക്കത്തിന്റെ വാള്‍ എടുത്തിരിക്കുന്നത്. 12 ജില്ലകളില്‍നിന്നായി 130 ജില്ലാ സെക്രട്ടറിമാരെയും അസംബ്ലി പ്രസിഡന്റുമാരെയും ഇതിനകം സസ്‌പെന്‍ഡ് ചെയ്തു. വരുംദിവസങ്ങളില്‍ കൂടുതല്‍പ്പേര്‍ക്കെതിരേ നടപടിയുണ്ടാകും.
കെഎസ്യു ജില്ലാ കമ്മിറ്റികളില്‍, നേതാക്കളുടെ നോമിനികളായി ധാരാളം പേര്‍ കടന്നുകൂടിയിട്ടുണ്ട്. ചില ജില്ലാ കമ്മിറ്റികളില്‍ നൂറിനടുത്ത് അംഗങ്ങളുണ്ട്. എന്നാല്‍ ഇവരില്‍ സംഘടനാപരിപാടികളില്‍ പത്തും ഇരുപതും പേര്‍ മാത്രമാണ് സഹകരിക്കുന്നത്. പരിപാടികളില്‍ പങ്കെടുക്കാതെ, കടലാസില്‍ മാത്രം ഭാരവാഹിത്വം നിലനിര്‍ത്തി മുന്നോട്ടുപോകുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കെഎസ്യു സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തിരുന്നു. സംഘടനാപ്രവര്‍ത്തനം സുഗമമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ അഴിച്ചുപണി വേണമെന്ന് കെപിസിസി നേതൃത്വത്തെയും അറിയിച്ചു.
കാംപസുകളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ 'കാംപസ് ജാഗരണ്‍ യാത്ര' നടത്തിവരികയാണ്. ജില്ലാ ഭാരവാഹികള്‍ പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചിരുന്നു. എന്നാല്‍ ഭാരവാഹികളില്‍ ഭൂരിഭാഗവും പങ്കെടുത്തില്ല. ഇവരെ സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍നിന്ന് പുറത്താക്കുന്നുണ്ട്. പരിപാടിയില്‍നിന്ന് വിട്ടുനിന്നതിന്റെ കാരണം കാണിക്കണമെന്ന് നോട്ടീസും നല്‍കിയിട്ടുണ്ട്. തൃപ്തികരമായ വിശദീകരണം നല്‍കാത്തവരെ സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും.
ബുധനാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ സമാപിക്കും. ഈ ജില്ലകളിലെ സംഘടനാ പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്കെതിരേയും നടപടിയെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.