കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു: മരണം അമിത ജോലി സമ്മര്‍ദം മൂലമെന്ന് ബന്ധുക്കള്‍
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ തൂങ്ങിമരിച്ചനിലയില്‍; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു: മരണം അമിത ജോലി സമ്മര്‍ദം മൂലമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചുള്ളിമാനൂര്‍ ആട്ടുകാല്‍ ഷമീം മന്‍സിലില്‍ മുഹമ്മദ് ഷമീം (50) ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ സംശയം ഉന്നയിച്ചു ബന്ധുക്കള്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അമിത ജോലി സമ്മര്‍ദം മൂലമാണ് ഷെമീം ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
വ്യാഴം രാത്രി 10.40ന് വീടിന്റെ രണ്ടാംനിലയിലെ ഓഫിസ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് ഭാര്യ സഫിയ ബന്ധുക്കളെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കുറുക്കഴിച്ച്് നെടുമങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഓഫിസിലെ ജോലി സംബന്ധമായ സമ്മര്‍ദമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കുറിപ്പിലുള്ളതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം കെഎസ്ഇബിയുടെ സര്‍ക്കിള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷമാണ് ജീവനൊടുക്കിയത്. അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ച ഷമീം പോത്തന്‍കോട് സെക്ഷന്‍ ഓഫിസില്‍ ചുമതലയേറ്റ ശേഷം വലിയ സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. മുപ്പതിനായിരത്തോളം ഉപഭോക്താക്കളുള്ള വലിയ സെക്ഷനാണിത്. ഇവിടെ സഹായത്തിനുണ്ടായിരുന്ന സബ് എന്‍ജിനീയറെ അടുത്തിടെ സ്ഥലംമാറ്റിയതോടെ ഷമീമിന്റെ സമ്മര്‍ദം വര്‍ധിച്ചിരുന്നു. ഇതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണു സൂചന. മകള്‍ ഹാജിറ.