വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍; 1000 സ്‌കൂളുകളില്‍ കൂടി നിയമനം

വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കൂടുതല്‍ കൗണ്‍സിലര്‍മാര്‍; 1000 സ്‌കൂളുകളില്‍ കൂടി നിയമനം

Update: 2025-04-05 03:30 GMT

കൊല്ലം: വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ അറിയാന്‍ കൂടുതല്‍ സ്‌കൂളുകളില്‍ സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാരെ നിയമിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. 1000 സ്‌കൂളുകളില്‍ക്കൂടി കൗണ്‍സിലര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. നിലവില്‍ സംസ്ഥാനത്ത് തിരഞ്ഞെടുത്ത 1012 സ്‌കൂളുകളില്‍ മാത്രമാണ് സൈക്കോ-സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സേവനമുള്ളത്. കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗവും ചൂഷണവും മറ്റും കൂടിവരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍നിന്നുതന്നെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്താണ് കൂടുതല്‍ കൗണ്‍സലര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

ഇവര്‍തന്നെ സമീപത്തെ നാലോ അഞ്ചോ സ്‌കൂളുകളില്‍ക്കൂടി കൗണ്‍സലിങ് നടത്തണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഓരോ ജില്ലയിലും സ്‌കൂളുകളുടെ എണ്ണത്തിന്റെ നാലിലൊന്നിലും താഴെയാണ് ആകെയുള്ള കൗണ്‍സലര്‍മാര്‍. അനുവദിച്ചിട്ടുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികളുടെയും പ്രശ്‌നങ്ങള്‍ കേള്‍ക്കാനോ പരിഹാരം കാണാനോ ഉള്ള സമയം ലഭിക്കുന്നുമില്ല. ഒരു പഞ്ചായത്തിലെ ഒട്ടുമിക്ക സ്‌കൂളുകളിലും ഒരാള്‍തന്നെ കൗണ്‍സലിങ് ചെയ്യേണ്ടിവരുമ്പോള്‍ തുടര്‍ കൗണ്‍സലിങ്ങിനുള്ള അവസരം ലഭിക്കാറില്ലെന്നതാണ് മറ്റൊരു വസ്തുത.

വീടുകളിലും പുറത്തും കുട്ടികള്‍ അനുഭവിക്കുന്ന ചൂഷണങ്ങള്‍ പുറത്തെത്തിക്കുക, പലവിധ ചൂഷണങ്ങള്‍ക്ക് വിധേയരായ കുട്ടികള്‍ക്ക് കൗണ്‍സലിങ് പദ്ധതി മാനസികപിന്തുണ നല്‍കുക, സ്‌കൂളുകളില്‍ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് അഞ്ചുമുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കായി കൗണ്‍സലിങ് പദ്ധതി ആരംഭിച്ചത്. ശിശുവികസനപദ്ധതി ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ പദ്ധതി ഓഫീസര്‍, വനിതാ ശിശുവികസനവകുപ്പ് ജില്ലാ ഓഫീസര്‍ എന്നിവരുെട നേതൃത്വത്തിലാണ് കൗണ്‍സലറുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടതും അവര്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതും. ഒരുതവണ കൗണ്‍സലിങ്ങിന് വിധേയമായി പ്രശ്‌നങ്ങള്‍ കണ്ടെത്തിയ കുട്ടികളുടെ മാനസികാരോഗ്യം തുടര്‍ കൗണ്‍സലിങ്ങിലൂടെയാണ് വീണ്ടെടുക്കുന്നത്.

കൗണ്‍സലര്‍മാരെ ഒരുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്. നിയമനം നേടിയവര്‍ അവധിയില്‍ പോകുമ്പോള്‍ പകരം സംവിധാനം ഒരുക്കാത്തതും കുട്ടികളെ ബാധിക്കുന്നു. കൗണ്‍സലര്‍മാരുടെ സേവനമുള്ള സ്‌കൂളുകളില്‍ തന്നെ കൗണ്‍സലിങ്ങിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ പ്രത്യേക മുറികളില്ല. സ്റ്റാഫ് റൂമുകളിലോ കംപ്യൂട്ടര്‍ ലാബുകളിലോ ലൈബ്രറികളിലോ ആണ് കൗണ്‍സലര്‍മാര്‍ക്ക് അനുവദിച്ചിട്ടുള്ള സ്ഥലം. സ്വകാര്യതമാനിച്ച് പലവിദ്യാര്‍ഥികളും പ്രശ്‌നങ്ങള്‍ പറയാനും മടിക്കുന്നു.

Tags:    

Similar News