കര്‍ണാടകയിലെ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിം വിഭാഗത്തിന് നാലു ശതമാനം സംവരണം; ബില്‍ രാഷ്ട്രപതിക്ക് അയച്ച് ഗവര്‍ണര്‍
കര്‍ണാടകയിലെ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിം വിഭാഗത്തിന് നാലു ശതമാനം സംവരണം
ബെംഗളൂരു: കര്‍ണാടകയിലെ സര്‍ക്കാര്‍ ജോലികളില്‍ മുസ്ലിം വിഭാഗത്തിന് നാലു ശതമാനം സംവരണം നല്‍കുന്ന ബില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗേലോട്ട് പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ അംഗീകാരത്തിനായി അയച്ചു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കരുതെന്നും സാമൂഹികസാമ്പത്തിക ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും ഭരണഘടനയുടെ അനുഛേദം 15, 16 എന്നിവയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
മുസ്ലിംകള്‍ക്ക് 4 ശതമാനം സംവരണം നല്‍കുന്ന ബില്‍ മാര്‍ച്ചിലാണ് നിയമസഭ പാസാക്കിയത്. തുടര്‍ന്നു ബിജെപിയും ജനതാദള്‍ എസും ബില്ലിനെ എതിര്‍ത്തു രംഗത്തു വന്നിരുന്നു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ബില്‍ സമൂഹത്തെ ധ്രുവീകരിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയിരുന്നു.