മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് മരിച്ച അസ്മയുടെ കുഞ്ഞിന് പുതുജീവന്‍; ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് പൂര്‍ണ ആരോഗ്യവാന്‍: സിഡബ്ല്യുസിക്ക് കൈമാറി
മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് മരിച്ച അമ്മയുടെ കുഞ്ഞിന് പുതുജീവൻ
കളമശ്ശേരി: മലപ്പുറത്തെ വീട്ടില്‍ പ്രസവിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത പെരുമ്പാവൂര്‍ സ്വദേശി അസ്മ (35) യുടെ കുഞ്ഞിന് പതുജീവന്‍. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതോടെ സിഡബ്ല്യുസിക്ക് കൈമാറിയതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍ അറിയിച്ചു.
ഈ മാസം ആറിന് രാവിലെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. ഒപ്പം നവജാത ശിശുവിനെയും. കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ സമീപത്തുള്ളവര്‍ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെനിന്ന് ഉച്ചയോടെ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശ്വാസതടസ്സം, നിര്‍ജലീകരണം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന് അണുബാധയുണ്ടായതിനാല്‍ ആന്റിബയോട്ടിക്കുകളുടെയും ഓക്‌സിജന്റെയും സഹായത്തില്‍ കുഞ്ഞിനെ സംരക്ഷിച്ചു വരുകയായിരുന്നു.