ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടി; പണം തിരികെ ചോദിച്ചപ്പോള്‍ ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമം: പ്രതി അറസ്റ്റില്‍

ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടി; പണം തിരികെ ചോദിച്ചപ്പോള്‍ ലഹരിക്കേസില്‍ കുടുക്കാന്‍ ശ്രമം

Update: 2025-05-05 04:13 GMT

കൊടുങ്ങല്ലൂര്‍: കെടിഡിസിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെരിബസാര്‍ കാട്ടുപറമ്പില്‍ ഷാനീര്‍ (50) ആണ് മതിലകം പോലീസിന്റെ പിടിയിലായത്. ശാന്തിപുരം പള്ളിനട കറുകപ്പാടത്ത് മുഹമ്മദ് ഇബ്രാഹിമില്‍നിന്നാണ് ഷാനീര്‍ പണം തട്ടിയത്.

മുഹമ്മദ് ഇബ്രാഹിമിന്റെ മകന്‍ നിഹാലിന് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. നാലുതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തു. തട്ടിപ്പ് തിരിച്ചറിഞ്ഞ് വാങ്ങിയ തുക തിരികെ ചോദിച്ചതോടെ പണം കൊടുക്കാതിരിക്കാനായി നിഹാലിനെ ലഹരിമരുന്നുകേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയതായും പോലീസ് പറഞ്ഞു. നിഹാലിന്റെ ബാഗില്‍ മയക്കു മരുന്നുണ്ടെന്ന് പറഞ്ഞ് ഇയാള്‍ രണ്ട് തവണയാണ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചത്.

ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് മാര്‍ച്ച് 27-ന് നിഹാലിനെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ഇയാളുടെ ബാഗില്‍ മയക്കുമരുന്ന് ഉണ്ടെന്ന് റെയില്‍വേ പോലീസ് ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ നിഹാലിനെയും കൂടയുണ്ടായിരുന്ന പിതാവിനെയും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പോലീസ് പരിശോധിച്ചു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

വീണ്ടും കുമരകത്ത് പോസ്റ്റിങ് ആയിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ നാലിന് നിഹാലും പിതാവും വീട്ടില്‍നിന്ന് ഇറങ്ങി മതിലകം അഞ്ചാംപരത്തിയില്‍ എത്തിയപ്പോള്‍ എക്‌സൈസ് സംഘം കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തി. ഇതിന് പിന്നിലും ഷാനീര്‍ ആയിരുന്നെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

മതിലകം ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രമ്യാ കാര്‍ത്തികേയന്‍, മുഹമ്മദ് റാഫി, അസി. സബ്ബ് ഇന്‍സ്പെക്ടര്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    

Similar News