ബാങ്ക് വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്; പണം നഷ്ടമായത് പാവപ്പെട്ട നൂറിലേറെ സ്ത്രീകള്‍ക്ക്: രേഖകള്‍ ഉപയോഗിച്ച് പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തതായും റിപ്പോര്‍ട്ട്

ബാങ്ക് വായ്പ സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മ നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്;

Update: 2025-05-06 01:03 GMT

പാലക്കാട്: പാവപ്പെട്ട വീടുകളിലെ സ്ത്രീകളെ കബളിപ്പിച്ച് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. പാവപ്പെട്ട കുടുംബങ്ങളില്‍ കയറി ഇറങ്ങി ബാങ്ക് വായ്പ സംഘടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പാലക്കാട് മുണ്ടക്കണ്ണി സ്വദേശിയായ യുവതിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. പാലക്കാട് മണ്ണാര്‍ക്കാട് തെങ്കരയിലെ നൂറ് സ്ത്രീകളാണ് ഇവര്‍ക്കെതിരെ ണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കിയത്.

മുണ്ടക്കണ്ണി സ്വദേശി വിജയലക്ഷിക്കെതിരെയാണ് വീട്ടമ്മമാര്‍ ഉള്‍പ്പെടെ പരാതിയുമായി രംഗത്തെത്തിയത്. വിജയലക്ഷ്മി പാവപ്പെട്ട സ്ത്രീകളുടെ വീടുകള്‍ തോറും കയറി ഇറങ്ങി, സ്ത്രീകളുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസിലാക്കി, വായ്പ സംഘടിപ്പിച്ച് നല്‍കിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ വായ്പ വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. നൂറോളം സ്ത്രീകള്‍ ഇവരുടെ തട്ടിപ്പന് ഇരയായി.

പണം ഗഡുക്കളായി നല്‍കിയാല്‍ മതി എന്ന് വിശ്വസിപ്പിച്ചാണ് വ്യാപക തട്ടിപ്പ് നടന്നത്. തിരിച്ചടവിനായി മാസം തോറും പണം പിരിച്ചു. എന്നാല്‍ പണം വായ്പാ അക്കൗണ്ടുകളില്‍ അടച്ചില്ല. എല്ലാവരും നല്‍കിയ പണം വിജയലക്ഷ്മി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുക ആയിരുന്നു. പലരുടെയും രേഖകള്‍ ഉപയോഗിച്ച് കുടുംബശ്രീകളില്‍ നിന്ന് വായ്പയെടുത്തു. എന്നാല്‍ പണം യാഥാര്‍ത്ഥ ഉപഭോക്താവിന് കൈമാറിയില്ല. വിശ്വസിച്ച് ഏല്‍പ്പിച്ച രേഖകള്‍ ഉപയോഗിച്ച് ഒരാളുടെ പേരില്‍ തന്നെ പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തും പണം തട്ടി. വീട്ടമ്മമാര്‍ ഉള്‍പ്പെടെ തെങ്കരയിലെ നൂറിലേറെ സ്ത്രീകളാണ് തട്ടിപ്പിനിരയായെന്ന പരാതിയുമായി രംഗത്തെത്തിയത്.

വായ്പ കുടിശ്ശികയായതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. പരാതിക്കാ4 ആരോപണം ഉന്നയിക്കുന്ന വിജയലക്ഷ്മി നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News