മൂന്നാറില്‍ വിനോദ സഞ്ചാരത്തിന് എത്തിയ കുട്ടി മരിച്ച സംഭവം; ആരോഗ്യ വകുപ്പ് അധികൃതര്‍ ഹോട്ടലില്‍ പരിശോധന നടത്തി
വിനോദ സഞ്ചാരത്തിന് എത്തിയ കുട്ടി മരിച്ച സംഭവം; ഹോട്ടലില്‍ പരിശോധന നടത്തി
മൂന്നാര്‍: വിനോദസഞ്ചാരത്തിനെത്തിയ കുട്ടി മരിച്ച സംഭവത്തില്‍ മൂന്നാറിലെ ഹോട്ടലില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തെത്തുടര്‍ന്നാണ് ഇക്കാനഗറിലെ ഹോട്ടലില്‍ പരിശോധന നടത്തിയത്. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത്. അടൂര്‍ പുതുശ്ശേരിഭാഗം കൊച്ചയ്യത്ത് വീട്ടില്‍ വിജയന്റെ മകന്‍ വൈശാഖ് (9) ആണ് വെള്ളിയാഴ്ച മരിച്ചത്.
ബന്ധുക്കളായ മറ്റുനാലുപേരോടൊപ്പം വ്യാഴാഴ്ച മൂന്നാറിലെത്തിയ കുട്ടി വ്യാഴാഴ്ച വൈകുന്നേരത്തോടെ ഹോട്ടലില്‍നിന്ന് ഭക്ഷണം പാഴ്‌സലായി വാങ്ങി താമസിച്ചിരുന്ന ഹോംസ്റ്റേയില്‍ എത്തിച്ച് കഴിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിക്ക് അസ്വസ്ഥതയുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ശാരീരികബുദ്ധിമുട്ടുണ്ടായില്ല. പിന്നീട് വട്ടവടയിലേക്കുപോയ ഇവര്‍ അവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. കുട്ടിക്ക് ഛര്‍ദിയും മറ്റ് ശാരീരികബുദ്ധിമുട്ടും വര്‍ധിച്ചതോടെ വട്ടവടയിലുള്ള സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. പിന്നീട് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൈകീട്ടോടെ കുട്ടി അവശനിലയിലായതോടെ വിദഗ്ധചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമധ്യേ മരിച്ചു. ആരോഗ്യവകുപ്പ് അധികൃതര്‍ മൂന്നാറിലെ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും, പഴകിയ ഭക്ഷണപദാര്‍ഥങ്ങളൊന്നും കണ്ടെത്താനായില്ല. അതേദിവസം 1500-ഓളംപേര്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റതായി സൂചനയില്ല. പിന്നീട് ഹോട്ടലിലേക്ക് ഭക്ഷണസാധനങ്ങളെത്തിക്കുന്ന സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മൂന്നാര്‍ പോലീസ് പറഞ്ഞു.