സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നാല്‍ രണ്ട് ആഴ്ച പുസ്തകം അടച്ചു വച്ച് പഠനം; ഇതിനൊപ്പം സൂംബാ ഡാന്‍സ്

Update: 2025-05-15 11:55 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറന്നാല്‍ രണ്ടാഴ്ച പാഠപുസ്തകങ്ങള്‍ മാറ്റിവെച്ചുള്ള പഠനം. ലഹരി ഉപയോഗം, വാഹന ഉപയോഗം, അക്രമവാസന തടയല്‍, പരിസര ശുചിത്വം, വ്യക്തിശുചിത്വം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, പൊതുമുതല്‍ നശീകരണം, ആരോഗ്യ പരിപാലനം, നിയമ ബോധവത്കരണം, മൊബൈല്‍ ഫോണിനോടുള്ള അമിതാസക്തി, ഡിജിറ്റല്‍ ഡിസിപ്ലിന്‍, ആരോഗ്യകരമല്ലാത്ത സോഷ്യല്‍ മീഡിയ ഉപയോഗം എന്നീ വിഷയങ്ങളിലായിരിക്കും പുതിയ അധ്യയന വര്‍ഷം ആദ്യപാഠങ്ങള്‍. ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലും ഈ പഠനമുണ്ടാകും. ശേഷം ജൂലൈ 18 മുതല്‍ ഒരാഴ്ചയും ക്ലാസെടുക്കും. ഇതിനു വിദ്യാഭ്യാസ വകുപ്പ് പൊതു മാര്‍ഗരേഖ തയാറാക്കുന്നതായി മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പൊലീസ്, എക്സൈസ്, ബാലാവകാശ കമീഷന്‍, സോഷ്യല്‍ ജസ്റ്റിസ്, എന്‍.എച്ച്.എം, വിമന്‍ ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ്, എസ്.സി.ഇ.ആര്‍.ടി, കൈറ്റ്, എസ്.എസ്.കെ എന്നിവയുടെ നേതൃത്വത്തിലായിരിക്കും ക്ലാസ്.

വിദ്യാര്‍ഥികളില്‍ അക്രമവാസന, ലഹരി ഉപയോഗം എന്നിവ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍. സ്‌കൂളില്‍ മെന്ററിങ് ശക്തിപ്പെടുത്തി മെന്റര്‍മാര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സമ്പര്‍ക്കം പുലര്‍ത്തണമെന്നും ഡയറി സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്. ഹയര്‍ സെക്കന്‍ഡറികളിലെ സൗഹൃദക്ലബുകള്‍ ശക്തിപ്പെടുത്തി ചുമതലയുള്ള അധ്യാപകര്‍ക്ക് നാലു ദിവസത്തെ പരിശീലനം നല്‍കി. ആത്മഹത്യ പ്രവണതക്കെതിരെ ബോധവത്കരണം, ടെലി കോണ്‍ഫറന്‍സിങ്, പരീക്ഷപ്പേടി എന്നിവ സംബന്ധിച്ച പരിപാടികളുടെ ഉദ്ഘാടനം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാന പ്രവേശനോത്സവത്തോടനുബന്ധിച്ച് നടക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനൊപ്പം സൂംബ ഡാന്‍സും ഇത്തവണയുണ്ടാകും. വേനലവധിക്കു മുമ്പുതന്നെ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇത്തവണ വിതരണത്തിനൊരുങ്ങിയിരുന്നു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ, കഴിഞ്ഞ വര്‍ഷം മാറിയ പുസ്തകങ്ങളുടെ റിവൈസ്ഡ് കോപ്പികളും അടുത്ത അധ്യയന വര്‍ഷത്തില്‍ മാറുന്ന പുസ്തകങ്ങളില്‍ പ്രിന്റ് ചെയ്ത് എത്തിയവയുമാണു വിതരണം തുടങ്ങിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത് മലപ്പുറം ജില്ലയിലാണ്. സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണപ്രവര്‍ത്തനങ്ങള്‍ എസ്.സി.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ പുരോഗമിച്ചുവരികയാണ്. ആദ്യഘട്ടത്തില്‍ ഒന്നു മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം പൂര്‍ത്തീകരിച്ചു. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണം അടുത്ത വര്‍ഷം നടക്കും.

ജനകീയ, വിദ്യാര്‍ഥി ചര്‍ച്ചകളുടെ ഭാഗമായി നാല് മേഖലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, പ്രീപ്രൈമറി വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ വികസിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പാഠപുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 1, 3, 5, 7, 9 ക്ലാസുകളില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷകളിലായി 238 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും സമയബന്ധിതമായി വിതരണം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ വര്‍ഷം 2, 4, 6, 8, 10 ക്ലാസുകളിലെ 205 ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു. അതില്‍ പത്താം ക്ലാസിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് അച്ചടി വേഗത്തില്‍ പൂര്‍ത്തീകരിക്കുകയും വിതരണത്തിന് തയ്യാറാക്കുകയും ചെയ്തു.

ഈ വര്‍ഷം പരിഷ്‌കരണത്തിന്റെ ഭാഗമായി തൊഴില്‍ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിനും കലാവിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുകയും ചെയ്തു. കൂടാതെ 1, 2 ക്ലാസുകളില്‍ കുട്ടികളുടെ അടിസ്ഥാനശേഷി വര്‍ധിപ്പിക്കാന്‍ എല്ലാ വിഷയങ്ങളിലും പ്രത്യേകം പ്രവര്‍ത്തന പുസ്തകങ്ങളും തയ്യാറാക്കി വിതരണം ചെയ്തു. സംസ്ഥാനത്തെ ഒന്നു മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. 40 ലക്ഷത്തോളം വരുന്ന കുട്ടികള്‍ക്ക് 3.8 കോടി പാഠപുസ്തകങ്ങളാണ് കെ.ബി.പി.എസിന്റെ നേതൃത്വത്തില്‍ അച്ചടിക്കുന്നത്. ഇത് കുടുംബശ്രീ മുഖേന വിദ്യാലയങ്ങളിലെത്തിക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. 'കഴിഞ്ഞവര്‍ഷം പരിഷ്‌കരിച്ച 1, 3, 5,7, 9 ക്ലാസുകളിലെ 205 ടൈറ്റിലുകളിലായി 1.8 കോടി പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിച്ച് ഇതിനകം തന്നെ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു. ഈ വര്‍ഷം പരിഷ്‌കരിച്ച 2, 4, 6,8 ക്ലാസുകളിലെ 238 ടൈറ്റിലുകളിലായി രണ്ടുകോടി പാഠപുസ്തകങ്ങളുടെ അച്ചടിയും പുരോഗമിക്കുന്നു. സ്‌കൂള്‍ മധ്യവേനല്‍ അവധിക്ക് അടക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിച്ച് പുതു ചരിത്രം സൃഷ്ടിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്', മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Similar News