താലൂക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പരാതി; പോലിസ് സ്‌റ്റേഷന്‍ പരിസരത്തെത്തി വൈദ്യുത പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

വൈദ്യുത പോസ്റ്റിൽ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി

Update: 2025-05-22 00:35 GMT

അടിമാലി: അടിമാലി താലൂക്കാശുപത്രിയില്‍ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന്‍ പരിസരത്തെത്തി 11 കെവി വൈദ്യുത പോസ്റ്റില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. മാമലക്കണ്ടം എളബ്ലാശേരി അരുണ്‍ പ്രകാശ് (30) ആണു ഇന്നലെ വൈകിട്ട് ആറോടെ പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

പോസ്റ്റില്‍ 32 അടിയോളം ഉയരത്തിലാണു യുവാവ് കയറിയത്. വിവരമറിഞ്ഞ കെഎസ്ഇബി അധികൃതര്‍ ഉടന്‍ വൈദ്യുതി വിഛേദിച്ചു. അഗ്‌നിരക്ഷാസേനയെത്തി പോസ്റ്റിനു ചുറ്റും വല വിരിച്ചുകെട്ടി. പിന്നീട് അധികൃതരുടെ നിരന്തര അഭ്യര്‍ഥനയ്‌ക്കൊടുവില്‍ യുവാവ് താഴെയിറങ്ങുകയായിരുന്നു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ നേര്യമംഗലം പാലത്തിന്റെ മുകള്‍ഭാഗത്ത് കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.

മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയാണ് ഇയാള്‍ താലൂക്ക് ആുപത്രിയിലെത്തിയത്. മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുന്നുണ്ടെന്നും ഇതിനു ചികിത്സയ്‌ക്കൊപ്പം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുന്നതിനു നടപടി വേണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡോക്ടര്‍ മരുന്നെഴുതി ഫാര്‍മസിയിലേക്കു പറഞ്ഞയച്ചെങ്കിലും മരുന്നു വാങ്ങിയില്ലെന്നും സൂപ്രണ്ട് അറിയിച്ചു.

Tags:    

Similar News