തൃശൂരില്‍ കനത്ത മഴയ്ക്കിടെ അപകടം; കോര്‍പറേഷന്റെ നാലുനില കെട്ടിടത്തിനു മുകളില്‍നിന്ന് ഇരുമ്പ് മേല്‍ക്കൂര കാറ്റത്ത് റോഡിലേക്ക് വീണു; എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു; തകരാര്‍ കണ്ടിട്ടും കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് ആരോപണം
ഇരുമ്പ് മേല്‍ക്കൂര കാറ്റത്ത് റോഡിലേക്ക് വീണു; എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു
തൃശ്ശൂര്‍: കനത്ത മഴയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ കെട്ടിടത്തിന്റെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര മറിഞ്ഞ് എം ഒ റോഡിലേക്ക് വീണു അപകടം. ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്. തകരാര്‍ കണ്ടിട്ടും കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല. അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. സാധാരണ വലിയ ജനത്തിരക്കും ഗതാഗത തിരക്കും അനുഭവപ്പെടുന്ന സ്ഥലത്താണ് അപകടം നടന്നത്. റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ ദുരന്തം ഒഴിവായി. കോര്‍പറേഷന്‍ ഓഫിസിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലെ ഇരുമ്പു മേല്‍ക്കൂരയാണ് ശക്തമായ കാറ്റില്‍ പറന്ന് റോഡിലേക്ക് വീണത്. മേല്‍ക്കൂര മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
കനത്ത മഴയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നെന്നും അതിനാലാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാര്‍ പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാല്‍ മുറിച്ചു മാറ്റാന്‍ സമയമെടുക്കുമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലൊന്നും ഇത്രയും വലിയ മേല്‍ക്കൂരയില്ല. നാല് നിലയുള്ള കെട്ടിടത്തിനു മുകളില്‍നിന്നാണ് ഇരുമ്പു മേല്‍ക്കൂര റോഡിലേക്ക് വീണത്. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
കഴിഞ്ഞ മഴക്കാലത്തും ഈ മേല്‍ക്കൂര അടര്‍ന്ന് നില്‍ക്കുകയായിരുന്നുവെന്നാണ് വിമര്‍ശനം. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് വ്യാപാരികളടക്കമുള്ളവര്‍ തൃശൂര്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
അതേസമയം, മേല്‍ക്കൂരയുടെ തകരാര്‍ കണ്ടിട്ടും കോര്‍പ്പറേഷന്‍ അറ്റകുറ്റപ്പണി നടത്തിയില്ല എന്ന് തെളിയിക്കുന്ന ചിത്രം പുറത്തുവന്നു. മേല്‍ക്കൂര തകര്‍ന്ന ഒരുത്തൂണ്‍ താഴേക്ക് വീഴാറായി നില്‍ക്കുന്നത് ചിത്രത്തില്‍ വ്യക്തം.തൂണ്‍ മുറിച്ചുമാറ്റിയ ശേഷം മേല്‍ക്കൂര അതേപടി നിലനിര്‍ത്തിയതാണ് അപകടത്തിനിടയാക്കിയത്.