ദിവസങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചില്ല; കെഎസ്ഇബി ഓഫീസിലെത്തി ആത്മഹത്യാഭീഷണി മുഴക്കി യുവതി: ഷോക്ക് ട്രീറ്റ്‌മെന്റില്‍ ഉടനടി കറന്റ് നല്‍കി ഉദ്യോഗസ്ഥര്‍

കെഎസ്ഇബി ഓഫീസിൽ യുവതിയുടെ ആത്മഹത്യാഭീഷണി; പിന്നാലെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു

Update: 2025-05-26 03:41 GMT

തലയോലപ്പറമ്പ്: ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിനെത്തുടര്‍ന്ന് യുവതി കെഎസ്ഇബി ഓഫീസിലെത്തി ആത്മഹത്യാഭീഷണി മുഴക്കി. യുവതിയുടെ വക ഷോക്ക് ട്രീറ്റ്‌മെന്റ് ലഭിച്ചതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലത്തെത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ തലയോലപ്പറമ്പ് കെഎസ്ഇബി ഓഫീസിലാണ് സംഭവം. ദിവസങ്ങളായി വീട്ടിലെ വൈദ്യുതിബന്ധം തകരാറിലായിരുന്നു. പലതവണ പരാതിപ്പെട്ടിട്ടും പുനഃസ്ഥാപിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയില്ലെന്നാരോപിച്ചാണ് തലയോലപ്പറമ്പ് കോലത്താര്‍ സ്വദേശിനി, കെഎസ്ഇബി ഓഫീസില്‍ എത്തിയത്. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍പോര്‍ച്ചിലെ ഫാനില്‍ ഷാള്‍ ഇട്ട് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു.

തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തലയോലപ്പറമ്പ് പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് യുവതിയെ അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഈ സമയം കെഎസ്ഇബി ജീവനക്കാര്‍ പോയി ഇവരുടെ വീട്ടിലെ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

യുവതിയെ ഭര്‍ത്താവ് പോലീസ് സ്റ്റേഷനില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി. തലയോലപ്പറമ്പ് സെക്ഷന്‍ ഓഫീസിന്റെ പരിധിയിലെ പല ഭാഗങ്ങളിലും രണ്ടുദിവസമായി വൈദ്യുതിത്തകരാര്‍ ഉണ്ടെന്നും ഇത് പുനഃസ്ഥാപിച്ചുവരുകയാണെന്നുമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. ശക്തമായ കാറ്റും മഴയുംമൂലമാണിത്. ശനിയാഴ്ചയാണ് യുവതി പരാതി നല്‍കിയതെന്നും അവര്‍ പറയുന്നു.

Tags:    

Similar News