കാട്ടാന ആക്രമിച്ചു; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
കാട്ടാന ആക്രമിച്ചു; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്
വണ്ടിപ്പെരിയാര്‍: കാട്ടനായുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. ബഥേല്‍ പ്ലാന്റേഷന്റെ മൗണ്ട് എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി (60)ക്കാണ് പരിക്കേറ്റത്. വാരിയെല്ലുകള്‍ക്ക് പൊട്ടലേറ്റ ഇദ്ദേഹത്തെ വണ്ടിപ്പെരിയാര്‍ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മൗണ്ട് എസ്റ്റേറ്റില്‍ രാവിലെ പണികള്‍ തീര്‍ത്തശേഷം അന്തോണി ഉള്‍പ്പടെയുള്ളവര്‍ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ മൂന്ന് കാട്ടാനകള്‍ ഇവര്‍ക്ക് അടുത്തേക്ക് എത്തുകയായിരുന്നു. മഞ്ഞായിരുന്നതിനാല്‍ കാട്ടാനകള്‍ അടുത്തെത്തിയപ്പോഴാണ് അറിഞ്ഞതും. വേഗം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അന്തോണി സ്വാമിയെ കട്ടാന തുമ്പിക്കൈയില്‍ ചുഴറ്റി എറിയുകയായിരുന്നു. തൊട്ടടുത്തുനിന്ന മറ്റൊരു തൊഴിലാളിയായ അരുള്‍ (60) അദ്ഭുതകരമായി രക്ഷപ്പെട്ടു.
തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികള്‍ ബഹളംവെച്ചതോടെ കാട്ടാനകള്‍ കാട്ടിലേക്ക് മടങ്ങി. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന് അതിര്‍ത്തിപങ്കിടുന്ന പ്രദേശമാണ് ഇവിടം.