ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി;അമ്മയുടെ കയ്യില്‍ നിന്നും തെറിച്ചു വീണ് ഒരു വയസ്സുകാരന് ദാരുണാന്ത്യം

ബുള്ളറ്റ് ഓട്ടോയിലേക്ക് ഇടിച്ചുകയറി; തെറിച്ചു വീണ് ഒരു വയസ്സുകാരന് ദാരുണാന്ത്യം

Update: 2025-06-16 01:13 GMT

തിരുവനന്തപുരം: ബുള്ളറ്റ് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണത്താണ് കുരുന്നിന്റെ ജീവന്‍ എടുത്ത സംഭവം. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഷിജാദ്‌നൗഷിമ ദമ്പതികളുടെ ഇളയ മകന്‍ ആബിദ് മിന്‍ഹാന്‍ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ഡോക്ടര്‍മാര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ആണ് അപകടം ഉണ്ടാക്കിയത്.

അപകടത്തില്‍ കുട്ടിയുടെ മാതാവ് നൗഷിമയ്ക്കു കാലിനും തോളിനും പരുക്കേറ്റിട്ടുണ്ട്. നൗഷിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുള്ളറ്റ് ഡ്രൈവറുടെ അശ്രദ്ധയാണ അപകടത്തിന് കാരണം. വിതുരയില്‍നിന്നു ഷിജാദും ഭാര്യയും മൂന്നു മക്കളുമായി ഓട്ടോയില്‍ നെടുമങ്ങാട് ഭാഗത്തേയ്ക്കു വരികയായിരുന്നു. നെടുമങ്ങാട് ഭാഗത്തുനിന്നു വിതുര ഭാഗത്തേക്കു പോവുകയായിരുന്ന മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനും പിജി വിദ്യാര്‍ഥിയും സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മറ്റൊരു വാഹനത്തിനെ ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഓട്ടോയില്‍ ഇടിച്ച് അപകടം ഉണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഇടിയുടെ ആഘാതത്തില്‍ ഉമ്മയുടെ കൈയിലിരിക്കുകയായിരുന്ന കുട്ടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയും ബുള്ളറ്റും റോഡിലേക്ക് മറിഞ്ഞു. ബുള്ളറ്റില്‍ സഞ്ചരിച്ചവര്‍ വാഹനം ഉപേക്ഷിച്ച് ഓടിക്കളഞ്ഞു. അപകടം ഉണ്ടാക്കിയ ബുള്ളറ്റ് വലിയമല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Tags:    

Similar News