വാട്ടര്‍ മീറ്ററില്‍ കാര്യമായ കറക്കമില്ല; ചോദിക്കുമ്പോഴെല്ലാം വെള്ളം അധികമായി ഉപയോഗിക്കാറില്ലെന്ന് കുടുംബം; ഒടുവില്‍ വീട്ടുകാരുടെ കള്ളക്കളി കയ്യോടെ പൊക്കി വാട്ടര്‍ സ്‌ക്വാഡ്
ബില്ലടയ്ക്കാതെ അനധികൃതമായി വെള്ളം ഊറ്റി; കയ്യോടെ പൊക്കി വാട്ടര്‍ സ്‌ക്വാഡ്
കാക്കനാട്: വീട്ടിലെ പൈപ്പ് കണക്ഷന്‍ നിലനില്‍ക്കെ പൊതുപൈപ്പില്‍ നിന്നും വെള്ളം ഊറ്റിയ വീട്ടുകാരെ കയ്യോടെ പൊക്കി വാട്ടര്‍ സ്‌ക്വാഡ്. കാക്കനാട് മേഖലയിലാണ് സംഭവം. ഈ പ്രദേശത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ കുടിവെള്ള വിതരണമുണ്ട്. എന്നാല്‍ ഒരു വീട്ടിലെ മീറ്ററില്‍ മാത്രം കാര്യമായ റീഡിങ് കാണുന്നുമില്ല. വീട്ടുകാരോട് ചോദിച്ചാല്‍ തങ്ങള്‍ അധികം വെള്ളമെടുക്കുന്നില്ലെന്നാണ് മറുപടി. അത് ആദ്യമെല്ലാം വാട്ടര്‍ അഥോറിറ്റി ജീവനക്കാര്‍ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംശയത്തിലേക്ക് വഴി മാറി. ഒടുവില്‍ വീട്ടുകാരുടെ കള്ളക്കളി കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥര്‍ ഇവരുടെ കണക്ഷന്‍ വിച്ഛേദിക്കുകും പിഴ ചുമത്തുകയും ചെയ്തു.
കാക്കനാട് പാലച്ചുവട് ദൈവത്താന്‍ മുകള്‍ പ്രദേശത്തെ ഒരു കുടുംബമാണ് ബില്ലടയ്ക്കാതെ അനധികൃതമായി വെള്ളം ഊറ്റിയിരുന്നത്. അനധികൃത കണക്ഷന്‍ പിടികൂടിയ വീട്ടുകാരുടെ വാട്ടര്‍ മീറ്ററില്‍ കാര്യമായ കറക്കം ഇല്ല. വെള്ളം അധികം എടുക്കുന്നില്ലെന്ന വീട്ടുകാരുടെ വാക്ക് ജീവനക്കാര്‍ ആദ്യമൊക്കെ വിശ്വസിച്ചു. എന്നാല്‍ മാസങ്ങള്‍ ഒരുപാട് കഴിഞ്ഞിട്ടും മീറ്ററില്‍ ഒരു മാറ്റവും കാണാതെവന്നതോടെ ഉദ്യോഗസ്ഥരില്‍ സംശയം ഉയര്‍ന്നതോടെ അന്വേഷണം തുടങ്ങി.
തൃക്കാക്കര വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനിയര്‍ ഇ.എം. അപര്‍ണയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പമ്പിങ് സമയത്ത് പ്രത്യേക മീറ്ററുകള്‍ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി. ഇതോടെ കുടിവെള്ളത്തില്‍ 300 യൂണിറ്റിന്റെ കുറവ് കണ്ടെത്തി. പൈപ്പ് പൊട്ടിയുള്ള ചോര്‍ച്ചയാണെന്ന് ആദ്യം സംശയിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
കുറഞ്ഞ ബില്ല് വന്ന വീട് കേന്ദ്രീകരിച്ചുള്ള 'പണി'യിലാണ് ഊറ്റല്‍ മനസ്സിലായത്. മീറ്ററിലൂടെയല്ലാതെ ഈ വീട്ടിലേക്ക് വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ഒഴുകുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ വീട്ടുകാര്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ വാട്ടര്‍ അതോറിറ്റി വിച്ഛേദിച്ചിരുന്നു. വീട് പുതുക്കിപ്പണിതതോടെ കുടുംബം പുതിയ കണക്ഷന്‍ എടുത്തു. എന്നാല്‍ വീടിന് പുറത്തുവെച്ച് പണ്ട് അവസാനിപ്പിച്ച കണക്ഷന്‍ മണ്ണിനടിയിലൂടെ പൈപ്പിട്ട് വലിച്ച് ഇവര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയ കണക്ഷന്‍ പേരിന് നിലനിര്‍ത്തിയായിരുന്നു ഈ തട്ടിപ്പ്.
പരിശോധനയില്‍ എന്‍ആര്‍ഡബ്ല്യുഎം സ്‌ക്വാഡ് രശ്മി, മീറ്റര്‍ ഇന്‍സ്‌പെക്ടര്‍ പി.ജി. സുജിത്ത്, ഓവര്‍സിയര്‍ ഗീതുദാസ്, ഉദ്യോഗസ്ഥരായ എന്‍.ജെ. ജെറിന്‍, സഗീര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. വരുംദിവസങ്ങളില്‍ മറ്റിടങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.