'സി പി എമ്മിന്റെയും സി എമ്മിന്റെയും ' ശ്രീ ' പി എമ്മും ബിജെപിയും തന്നെയാണ്. സിപിഐ അല്ല'; വിമര്‍ശനവുമായി ഷാഫി പറമ്പില്‍
കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീ പദ്ധതിയില്‍ പങ്കുചേരാനുള്ള കേരളത്തിന്റെ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് വടകര എം പി ഷാഫി പറമ്പില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. സി പി എമ്മിന്റെയും സി എമ്മിന്റെയും ' ശ്രീ ' പി എമ്മും ബിജെപിയും തന്നെയാണ്. സിപിഐ അല്ല. എന്നായിരുന്നു ഷാഫി കുറിച്ചത്.
നേരത്തെ പിണറായി വിജയനെയും സി പി എമ്മിനെയും രൂക്ഷമായി പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ രംഗത്തെത്തി. 'ഇത് വരെ ശ്രീ വിജയന്‍, ഇനി മുതല്‍ വിജയന്‍ ശ്രീ' എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള രാഹുലിന്റെ പരിഹാസം. 'ശ്രീ.പി.എം ശ്രിന്താബാദ്' എന്ന പരിഹാസം സി പി എമ്മിനെതിരെയും രാഹുല്‍ ഉന്നയിച്ചു.
യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഒരുവന്‍ സര്‍വതും സ്വന്തമാക്കിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു കാര്യം' - എന്ന ചോദ്യമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബിനു ചുള്ളിയില്‍ ഉയര്‍ത്തിയത്.
'കാക്ക കാലിന്റെ പോലും തണല്‍ ഇല്ലാത്ത രക്തഗന്ധം വമിക്കുന്ന ആ ശ്മശാന ഭൂമിയില്‍ നിന്നും ജീര്‍ണ്ണതയുടെ അഴുകിയ വസ്ത്രങ്ങള്‍ അഴിച്ച് വച്ച് പ്രതീക്ഷയുടെ പുത്തന്‍ വസ്ത്രങ്ങള്‍ അണിയാന്‍ നിങ്ങള്‍ തയ്യാറാകണം' - വിജയന്‍ മാഷ് എന്നായിരുന്നു അബിന്‍ വര്‍ക്കി കുറിച്ചത്.
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളായിരുന്ന സി അച്യുതമേനോന്റെ പാര്‍ട്ടിക്ക്, നിലപാടുകളിലൂടെ സിപിഐയെ വാനോളം ഉയര്‍ത്തിയ സി കെ ചന്ദ്രപ്പന്റെ പാര്‍ട്ടിക്ക് , ആദര്‍ശത്തിലൂടെ പാര്‍ട്ടിയെ നയിച്ച വെളിയം ഭാര്‍ഗവന്റെ പാര്‍ട്ടിക്ക് ഇങ്ങനെയൊരു ഗതികേടിന്റെ ആവശ്യമുണ്ടോ? എന്നും അബിന്‍ കുറിച്ചു.