'അങ്കണവാടികളിലെ കുഞ്ഞുങ്ങള്‍ക്കുള്ള പാലും മുട്ടയും പറഞ്ഞ അളവില്‍ കൃത്യമായി നല്‍കണം'; 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
തിരുവനന്തപുരം: അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന 'പോഷകബാല്യം' പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വനിതാ-ശിശു വികസന ഡയറക്ടര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അങ്കണവാടികള്‍ പാലിക്കുന്നതായി ഡയറക്ടര്‍ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നിര്‍ദേശിച്ചു. തിരുവനന്തപുരം അര്‍ബന്‍ മൂന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളില്‍ കൃത്യമായ അളവില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി.
വനിതാ-ശിശു വികസന ഡയറക്ടറില്‍ നിന്ന് കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് വാങ്ങി. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും രണ്ടു ദിവസം പാലും നല്‍കുന്ന പദ്ധതി 2022-23 ലാണ് ആരംഭിച്ചതെന്ന് ഡയറക്ടര്‍ അറിയിച്ചു. 2022 മേയ് 20ന് വനിതാ-ശിശു വികസന ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഒരു കുട്ടിക്ക് 125 മില്ലിലിറ്റര്‍ പാല്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സര്‍ക്കുലറിലെ നിര്‍ദ്ദേശാനുസരണമല്ല പരാതിയുയര്‍ന്ന അങ്കണവാടിയില്‍ പാല്‍ വിതരണം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചില അങ്കണവാടികളില്‍ നാലില്‍ കൂടുതല്‍ കുട്ടികള്‍ ഹാജരായ ദിവസങ്ങളിലും 500 മില്ലി ലിറ്റര്‍ പാല്‍ മാത്രമാണ് കുട്ടികള്‍ക്ക് നല്‍കിയതെന്നും ഡയറക്ടര്‍ അറിയിച്ചു. സര്‍ക്കുലര്‍ കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തിരുവനന്തപുരം അര്‍ബനിലെ അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരും നല്‍കിയ പരാതിയിലാണ് നടപടി.