ഹയര്‍സെക്കന്‍ഡറി; പീരിയഡ് മുക്കാല്‍ മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കി പരിഷ്‌ക്കരിക്കാന്‍ ആലോചന

ഹയര്‍സെക്കന്‍ഡറി; പീരിയഡ് മുക്കാല്‍ മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറാക്കി പരിഷ്‌ക്കരിക്കാന്‍ ആലോചന

Update: 2025-11-03 04:18 GMT

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യയനസമയം പരിഷ്‌കരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ആലോചന. പീരിയഡ് മുക്കാല്‍മണിക്കൂറില്‍നിന്ന് ഒരു മണിക്കൂറാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കയച്ച കത്തിലാണ് ഇതുസംബന്ധിച്ച സൂചന.

സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ മുക്കാല്‍ മണിക്കൂര്‍ പോരെന്നാണ് അധ്യയനസമയം കൂട്ടാനുള്ള ഒരു വാദം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പണിപ്പുരയിലാണ് എസ്സിഇആര്‍ടി. പീരിയഡിന്റെ കാര്യത്തില്‍ ധാരണയായാല്‍ പുതിയ പാഠ്യപദ്ധതി പൂര്‍ത്തിയാവുന്ന മുറയ്ക്ക് അധ്യയനസമയം മാറാനാണ് സാധ്യത. സ്‌കൂള്‍ ഏകീകരണം പൂര്‍ത്തിയാക്കുന്നതിനു മുന്നോടിയായുള്ള തസ്തികനിര്‍ണയംകൂടി കണക്കിലെടുത്താണ് നീക്കം.

വിദ്യാര്‍ഥികളുടെ ഏറ്റക്കുറച്ചിലിനെത്തുടര്‍ന്ന് വിവിധ ജില്ലയിലേക്ക് മാറ്റിയിട്ടുള്ള ബാച്ചുകളില്‍ അധികതസ്തിക സൃഷ്ടിക്കുന്നതിനുപകരം, പുനര്‍വിന്യാസം നടത്താനുള്ള സാധ്യത തേടുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായാണ് പീരിയഡിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂറാക്കാനും സീനിയര്‍ അധ്യാപകനാവാന്‍ ആഴ്ചയില്‍ 15 മണിക്കൂര്‍ ജോലിസമയം നിഷ്‌കര്‍ഷിക്കാനുമുള്ള നിര്‍ദേശം.

അതേസമയം മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള പീരിയഡ് നിര്‍ണയം നിലവിലെ തസ്തികകളെ ബാധിക്കുമെന്നാണ് അധ്യാപകസംഘടനകളുടെ ആശങ്ക. നിലവില്‍ പീരിയഡ് കണക്കാക്കിയാണ് തസ്തികനിര്‍ണയം. ഇനിയത് മണിക്കൂര്‍ അടിസ്ഥാനത്തിലാവും. ഇതോടെ, ഒട്ടേറെ സീനിയര്‍ അധ്യാപകര്‍ ജൂനിയറാവും. അവരെ പുനര്‍വിന്യസിക്കാനാണ് സര്‍ക്കാര്‍തന്ത്രമെന്നാണ് വിമര്‍ശനം.

Tags:    

Similar News