വാഹനത്തില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച ഹിന്ദു യുവാവിനെ കാര്‍ കയറ്റി കൊന്നു: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമം തുടരുന്നു
ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ കാർകയറ്റി കൊന്നു
ധാക്ക: ബബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ കാര്‍ കയറ്റി കൊന്നു. പെട്രോള്‍ പമ്പിലെത്തി വാഹനത്തില്‍ ഇന്ധനംനിറച്ചശേഷം പണം നല്‍കാതെ പോകാന്‍നോക്കിയവരെ തടഞ്ഞ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ രാജ്ബാഡി ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. 30 വയസ്സുള്ള ഹിന്ദുയുവാവ് റിപോണ്‍ സാഹയാണ് മരിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.
വണ്ടിയുടമ അബ്ദുള്‍ ഹാഷിം (55), ഡ്രൈവര്‍ കമാല്‍ ഹുസൈന്‍ (43) എന്നിവരെ പോലീസ് പിന്നീട് അറസ്റ്റുചെയ്തു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) രാജ്ബാഡി ജില്ലാ മുന്‍ട്രഷററാണ് ഹാഷിം. ജുബോ ദാല്‍ ജില്ലയിലെ ബിഎന്‍പി മുന്‍ അധ്യക്ഷനുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. സാഹ ജോലിചെയ്തിരുന്ന ഗോലണ്ട മോറിലെ കരീം ഫില്ലിങ് സ്റ്റേഷനില്‍ പുലര്‍ച്ചെ നാലരയ്‌ക്കെത്തിയ വാഹനത്തിലുണ്ടായിരുന്നവര്‍ 3710 രൂപയ്ക്ക് ഇന്ധനം നിറച്ചു. പണം നല്‍കാതെ ഇവര്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ സാഹ വണ്ടിക്കുമുന്നില്‍നിന്നു തടഞ്ഞു. ഇദ്ദേഹത്തിന്റെ ദേഹത്തിലൂടെ വണ്ടികയറ്റി ഓടിച്ചുപോയി. സാഹ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ 2024 ഓഗസ്റ്റില്‍ അവാമി ലീഗ് സര്‍ക്കാര്‍ പുറത്തായതോടെ വര്‍ധിച്ചിരിക്കുകയാണ്. 2025 ഡിസംബറില്‍മാത്രം 51 വര്‍ഗീയ അക്രമങ്ങളുണ്ടായെന്ന് ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ പറഞ്ഞു. ഡിസംബറിനുശേഷം പത്തോളം ഹിന്ദുസമുദായാംഗങ്ങള്‍ കൊല്ലപ്പെട്ടു.