ബസ്സിന്റെ മുന്‍ഭാഗത്ത് നിന്നും പുക; യാത്രക്കാര്‍ ഇറങ്ങിയോടിയതിന് പിന്നാലെ ടൂറിസ്റ്റ് ബസിന് തീപടിച്ചു; തൊട്ടുപിന്നാലെ ബസ് കത്തി ചാമ്പലായി: കോതമംഗലത്ത് ഇന്നലെ രാത്രി ഉണ്ടായ അപകടത്തില്‍ ആര്‍ക്കും പരിക്കില്ല
കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ ഇറങ്ങിയോടി
കോതമംഗലം: കോതമംഗലത്ത് ഓടിക്കൊണ്ടിരിക്കെ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട് ബസ് നിര്‍ത്തി യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ അപകടം ഒഴിവായി. കോതമംഗലം - മൂന്നാര്‍ റോഡില്‍ ഊന്നുകല്‍ തലക്കോടിന് സമീപമാണ് അപകടം. രാജാക്കാട് നിന്ന് എറണാകുളത്തേക്ക് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്.
ബസിനുള്ളില്‍ മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ബഹളം വെച്ചതാണ് രക്ഷയായത്. ഉടന്‍ തന്നെ ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തി. ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം വേഗത്തില്‍ പുറത്തിറങ്ങിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ഇവര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ തീ ബസിനുള്ളിലേക്ക് ആളിപ്പടര്‍ന്നു. ഞായറാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം.
തീ ആളി പടര്‍ന്നതിനെത്തുടര്‍ന്ന് കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയപ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. നാട്ടുകാരും മറ്റ് വാഹനങ്ങളിലെത്തിയവരും ചേര്‍ന്നാണ് പ്രാഥമികമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആളപായമില്ല.