നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി; നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍; യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ 99 പേര്‍

Update: 2025-07-06 02:23 GMT

കോഴിക്കോട്: നിപ സ്ഥിരീകരിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ അതീവ ജാഗ്രതയോടു കൂടിയാണ് 38കാരിയെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ വാർഡിൽ യുവതിയെ പ്രവേശിപ്പിച്ചു.

യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. യുവതിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമായിട്ടില്ല. ജൂലൈ ഒന്നിനാണ് യുവതി രോഗ ലക്ഷണങ്ങളുമായി പെരിന്തൽമണ്ണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. പ്രദേശത്ത് ആരോ​ഗ്യവകുപ്പ് കനത്ത ജാ​ഗ്രത തുടരുകയാണ്.

യുവതിയുടെ സമ്പർക്ക പട്ടികയിൽ ഉൽപ്പെട്ട 99പേരിൽ പത്തു വയസ്സുള്ള കുട്ടിയെ നേരിയ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സൂചിപ്പിച്ചു. കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്.

Tags:    

Similar News