പി.എം. ശ്രീ പദ്ധതി: ചരിത്രം തിരുത്താനുള്ള നീക്കം; യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ല; സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചത് വളരെ ഗൗരവമുള്ള വിഷയമെന്നും പി കെ കുഞ്ഞാലിക്കുട്ടി

പി.എം. ശ്രീ പദ്ധതി: ചരിത്രം തിരുത്താനുള്ള നീക്കം

Update: 2025-10-24 09:21 GMT

കോഴിക്കോട്: പി.എം. ശ്രീ പദ്ധതി ചരിത്രം തിരുത്താനുള്ള നീക്കമെന്നും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കില്ലെന്നും മുസ്ലീം ലീഗ് നേതാവ് പി.ക.കുഞ്ഞാലിക്കുട്ടി.

പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പ് വെച്ചത് വളരെ ഗൗരവമുള്ള വിഷയമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ അജണ്ട നടപ്പിലാക്കുന്ന പാഠ്യപദ്ധതിയാണ് ഇതെന്നും ആ സിസ്റ്റത്തിലേക്ക് മാറിയത് വളരെ ഗൗരവമുള്ള വിഷയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫണ്ടിന്റെ കാര്യം പറഞ്ഞുള്ള ഒപ്പിടല്‍ വിശ്വസനീയമല്ല. ചരിത്രം തിരുത്താനുള്ള ലോങ്ങ് ടൈം അജണ്ടയുമായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഗാന്ധി വധം തമസ്‌കരിക്കുന്നതടക്കം അതിന് ഉദാഹരണമാണ്. അത്തരം വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് എന്‍ഇപി. അതുകൊണ്ടാണ് തമിഴ്നാടും മതേതര സര്‍ക്കാരുകളും പദ്ധതിയെ എതിര്‍ത്തത്. മറ്റു മതേതര സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

എന്താണ് ഈ തീരുമാനത്തിന്റെ പിറകില്‍ എന്ന് അറിയില്ല. എല്‍ഡിഎഫിന്റെ ഘടകകക്ഷികള്‍ക്ക് പോലും അത് വ്യക്തമായിട്ടില്ല. സിപിഐ തീരുമാനങ്ങള്‍ എടുത്തു പറയട്ടെയെന്നും അതിനുശേഷം ബാക്കി കാര്യങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് വന്നാല്‍ ഈ പാഠ്യ പദ്ധതി നടപ്പാക്കില്ല. കര്‍ണാടക സര്‍ക്കാരും പദ്ധതിയില്‍ നേരെ പോയി ഒപ്പിട്ടിട്ടില്ലെന്നും ഫണ്ട് ബിജെപിയുടെ ഔദാര്യമല്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags:    

Similar News