മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയില്‍ ആളില്ല; സംഘാടകര്‍ക്ക് പ്രസംഗത്തില്‍ വിമര്‍ശനം; 'ചൂടുകാലമായതിനാല്‍ വലിയ പന്തല്‍ തയാറാക്കിയെങ്കിലും തിങ്ങി ഇരിക്കേണ്ട എന്ന് സംഘാടകര്‍ക്ക് തോന്നിയിരിക്കാ'മെന്ന് പിണറായി

മുഖ്യമന്ത്രിയുടെ വടകരയിലെ പരിപാടിയില്‍ ആളില്ല

Update: 2025-04-12 09:03 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത വടകരയിലെ പരിപാടിയില്‍ ജനപങ്കാളിത്തം കുറവ്. പരിപാടിയില്‍ ജനപങ്കാളിത്തം കുറഞ്ഞതില്‍ സംഘാടകരെ തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൂടുകാലമായതിനാല്‍ വലിയ പന്തല്‍ തയാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നല്‍ സംഘാടകര്‍ക്കുണ്ടായിരിക്കാമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

പരിപാടിയില്‍നിന്ന് വിട്ടുനിന്ന് കെ.കെ. രമ എം.എല്‍.എയെയും ഷാഫി പറമ്പില്‍ എം.പിക്കും വിമര്‍ശനമുണ്ടായി. വടകര ജില്ല ആശുപത്രിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിടല്‍ ചടങ്ങിനാണ് മുഖ്യമന്ത്രി എത്തിയത്. എന്നാല്‍, മുഖ്യമന്ത്രിയെ കൂടാതെ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹിമാന്‍ എന്നിവരെല്ലാം പങ്കെടുക്കുന്ന പരിപാടിയായിട്ടും ജനപങ്കാളിത്തം കുറവായിരുന്നു. 11ന് നിശ്ചയിച്ച പരിപാടി ആളുകളെ എത്തിച്ച ശേഷം 11.30ഓടെയാണ് ആരംഭിച്ചത്.

തുടര്‍ന്നാണ് പ്രസംഗത്തിനിടെ ജനപങ്കാളിത്തം കുറഞ്ഞതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചത്. 'നല്ല ചൂടിന്റെ കാലമാണല്ലോ ഇത്. ഇതിന്റെ സംഘാടകര്‍ വലിയ പന്തല്‍ തയാറാക്കിയെങ്കിലും വല്ലാതെ തിങ്ങി ഇരിക്കേണ്ട എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടായി എന്ന് തോന്നുന്നു. അതുകൊണ്ട് ഇടവിട്ട് ഇരിക്കാന്‍ നിങ്ങള്‍ക്ക് സൗകര്യം കിട്ടിയിട്ടുണ്ട്. അത് ഏതായാലും നന്നായി എന്നാണ് തോന്നുന്നത്...' -പ്രസംഗത്തിനിടെ മുഖ്യമന്ത്രി വിമര്‍ശിച്ചു.

Tags:    

Similar News