ആറുമാസമായി മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; സംഭവം പുറത്ത് വന്നത് ചൈൽഡ് പ്രവർത്തകരുടെ കൗൺസിലിംഗിലൂടെ; പിതാവിന്റെ സഹോദരൻ പിടിയിൽ
കൊല്ലം: മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കേസിൽ പിതാവിന്റെ സഹോദരനെയാണ് പോലീസ് പിസികൂടിയത്. ആറുമാസത്തിനിടെ കുട്ടിയെ പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
ആറുമാസം മുൻപാണ് പ്രതി ആദ്യമായി കുട്ടിയെ പീഡനത്തിനിരയാക്കിയത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന അവസരത്തിലായിരുന്നു ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചെങ്കിലും രക്ഷിതാക്കൾ കാര്യമായി എടുത്തില്ല. പിന്നീടും പലതവണ ഇയാൾ കുഞ്ഞിനെ പീഡിപ്പിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞദിവസം കുഞ്ഞിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു. തുടർന്ന് മാതാപിതാക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ആശാ വർക്കർ വീട്ടിലെത്തുകയായിരുന്നു. ആശാ വർക്കർ കുട്ടിയോട് സംസാരിച്ചതിൽ നിന്നാണ് പീഡനവിവരം പുറത്തറിയുന്നത്. പിന്നാലെ ആശാ വർക്കർ സംഭവം വാർഡ് മെമ്പറെയും ചൈൽഡ് ലൈൻ പ്രവർത്തകരെയും അറിയിക്കുകയായിരുന്നു.
കുട്ടിക്ക് ചൈൽഡ് പ്രവർത്തകർ കൗൺസലിംഗ് നൽകിയിരുന്നു. ഇതിനിടെയാണ് പിതാവിന്റെ സഹോദരൻ കഴിഞ്ഞ ആറുമാസമായി ലൈംഗികമായ ഉപദ്രവിച്ച വിവരം കുട്ടിയിൽ നിന്നും പ്രവർത്തകർ മനസ്സിലാക്കിയത്. തുടർന്ന് ലഭിച്ച പരാതിയിൽ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയെ പോലീസ് കുളത്തൂപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.