അത്ര സന്തോഷമില്ല; രഞ്ജിത് നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരും; ചലച്ചിത്ര അക്കാദമിയില്‍ ചുമതലയേറ്റ് പ്രേംകുമാര്‍
താത്ക്കാലികമായി ഒരു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ താത്ക്കാലിക ചെയര്‍മാനായി നിലവിലെ വൈസ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ ചുമതലയേറ്റു. 2022-ലാണ് വൈസ് ചെയര്‍മാനായത്. ആ നിലയ്ക്കുള്ള പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. ചെയര്‍മാന്‍ രഞ്ജിത്തിന്റെ അവിചാരിതമായ രാജിയെത്തുടര്‍ന്ന് താത്ക്കാലികമായി ഒരു ചുമതല സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്നുവെന്നേയുള്ളൂ എന്നും രഞ്ജിത്ത് നിരപരാധിത്തം തെളിയിച്ച് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രേംകുമാര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ക്ക് ഭഗീരഥപ്രയത്‌നംതന്നെ വേണ്ടിവരും. അത്ര സന്തോഷത്തോടെയല്ല ഈ കസേരയില്‍ ഇരിക്കുന്നത്. പ്രിയപ്പെട്ട സുഹൃത്താണ് രാജിവെച്ച ചെയര്‍മാന്‍ രഞ്ജിത്ത്. അദ്ദേഹവുമായി സംസാരിച്ചിരുന്നു, നിയമപരമായ നടപടികളിലേക്ക് പോവുകയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. നിരപരാധിത്വം തെളിയിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. നിരപരാധിയാണെന്ന് തെളിയിച്ച് രഞ്ജിത്ത് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേംകുമാര്‍ വിശദീകരിച്ചു.
2022-ലെ ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാര പ്രഖ്യാപനം ഈ മാസം സെപ്റ്റംബര്‍ അഞ്ചിനും പന്ത്രണ്ടിനുമിടയില്‍ നടക്കും. 2023-ലെ ജെ.സി.ഡാനിയല്‍ പുരസ്‌കാര പ്രഖ്യാപനവും ഈ മാസം നടക്കും. 2022-ലെ ടിവി പുരസ്‌കാരം പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ കാരണം വിതരണം ചെയ്തിരുന്നില്ല. ഇതുടനെയുണ്ടാവും.
സിനിമയിലേക്ക് കൂടുതല്‍ സ്ത്രീകള്‍ ഈ മേഖലയിലേക്ക് കടന്നുവരുന്നതോടെ സ്ത്രീ സൗഹൃദ തൊഴിലിടമായി ഇതുമാറും. അതുതന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും. സ്ത്രീകള്‍ക്കുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവും ഒരുപരിധിവരെ ഇതുതന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.