തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനിടെ അഞ്ചു പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു; പരിക്കേറ്റവര്‍ ആന്റി റാബിസ് വാക്സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനിടെ അഞ്ചു പേരെ കടിച്ച തെരുവ്‌നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: മ്യൂസിയം വളപ്പില്‍ പ്രഭാത നടത്തത്തിനെത്തിയ അഞ്ച് പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാലോട് നടത്തിയ പരിശോധനയില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പരിക്കേറ്റവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്ന് ആന്റി റാബിസ് വാക്സിന്‍ സ്വീകരിച്ചു. മ്യൂസിയം വളപ്പിലെ നായ്ക്കളെ വാക്സിനേറ്റ് ചെയ്യുമെന്ന് മ്യൂസിയം വെറ്റിനറി ഡോ.നികേഷ് കിരണ്‍ പറഞ്ഞു. നായ ആളുകളെയും മ്യൂസിയം വളപ്പിലുള്ള ഒന്ന് രണ്ട് നായ്ക്കളേയും കടിച്ചതായി സന്ദര്‍ശകര്‍ പറഞ്ഞിരുന്നു. പരിക്കേറ്റ നായ്ക്കളെ പിടികൂടി തിരുവനന്തപുരം കോര്‍പറേഷന്‍ എ.ബി.സി സംഘം 21 ദിവസത്തെ ക്വാറന്റൈനിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെയാണ് പ്രഭാത സവാരിക്കെത്തിയ അഞ്ച് പേരെ നായ കടിച്ചത്. മ്യൂസിയം വളപ്പിലേക്ക് ഭക്ഷണ വസ്തുക്കള്‍ കൊണ്ടുവരുന്നതിന് പൂര്‍ണ വിലക്കേര്‍പ്പെടുത്തി. ബയോസെക്യൂരിറ്റി മേഖല ആയ മ്യൂസിയം കോമ്പൗണ്ടില്‍ തെരുവ് നായ ശല്യം പൂര്‍ണമായും ഒഴിവാക്കണമെന്ന് മൃഗശാല ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് അടിയന്തരയോഗം വിലയിരുത്തി.