വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരണം; മൂന്ന് തവണ വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ ഏഴു വയസ്സുകാരി മരിച്ചു: ഞരമ്പില്‍ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്ന് റിപ്പോര്‍ട്ട്
വാക്‌സിനെടുത്തിട്ടും പേ വിഷബാധയേറ്റ് ഏഴു വയസ്സുകാരി മരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് കുട്ടി മരിച്ചു. പത്തനാപുരം സ്വദേശിയായ ഏഴുവയസ്സുകാരിയാണ് മരിച്ചത്. മൂന്നു തവണ പ്രതിരോധ വാക്‌സീനെടുത്തിട്ടും കുട്ടിക്ക് പേവിഷ ബാധ സ്ഥിരീകരിക്കുക ആയിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.
ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടനാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച് വാക്‌സിനെടുത്തു. എന്നാല്‍ ഏപ്രില്‍ 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വരികയായിരുന്നു. ഞരമ്പില്‍ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം.
പേവിഷബാധയേറ്റ് ഒരു മാസത്തിനിടെ 3 കുട്ടികളാണ് മരണപ്പെട്ടത്. നേരത്തെ പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മിയും (13), മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) മരിച്ചിരുന്നു. 2021നു ശേഷം പേവിഷ ബാധയ്ക്കുള്ള വാക്‌സീന്‍ എടുത്തശേഷം 22 പേര്‍ മരിച്ചെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.