കേരളത്തില്‍ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; ഏപ്രില്‍ രണ്ട് വരെ മഴ തുടരും; ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത നാല് ദിവസം മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഒന്‍പത് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ രണ്ട് വരെ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, ബുധനാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.