ആരോപണങ്ങളുടെ നിഴലില്‍ നിന്നും മാറി നില്ക്കാന്‍ ഇനി മുഖ്യമന്ത്രിക്കാവില്ല; വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി രാജിവെക്കണം; രാജീവ് ചന്ദ്രശേഖര്‍

Update: 2025-04-04 10:18 GMT

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെച്ചേ തീരൂവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്ര കമ്പനികാര്യ മന്ത്രാലയം വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇതോടെ ആരോപണങ്ങളുടെ നിഴലില്‍ നിന്നും മാറി നില്ക്കാന്‍ ഇനി മുഖ്യമന്ത്രിക്കാവില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

''മധുരയില്‍ തുടരുന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ച ചെയ്യണം. കാരണം രാജ്യത്ത് സി.പി.എമ്മിന്റെ ഒരേയൊരു മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അദ്ദേഹത്തിന്റെ കുടുംബമാണ് ഇപ്പോള്‍ ഗുരുതരമായ അഴിമതിക്കേസില്‍ അകപ്പെട്ടിരിക്കുന്നത്.

ഒരു വശത്ത് കേരളം വ്യവസായ സൗഹൃദമാണെന്ന് പിണറായി വിജയന്‍ വീമ്പിളക്കുമ്പോള്‍, അദ്ദേഹത്തിന്റെ മകളുടെ ബിസിനസുകള്‍ ബാംഗ്ലൂരിലും മറ്റിടങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ കാരണവും ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. 'വീണ സര്‍വീസ് ടാക്‌സ്' പോലെ ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് വേണ്ടി മാത്രമാണ് ഇത്'' -രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ കേരളത്തിലും പുരോഗതി യാഥാര്‍ഥ്യമാകണമെങ്കില്‍, അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും രാഷ്ട്രീയത്തിന് അവസാനമുണ്ടായേ തീരൂ. അതിനാല്‍ കേരളത്തിലെ ജനങ്ങള്‍ ഇനിയെങ്കിലും മാറി ചിന്തിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News