റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍; ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ നടപടി; ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കും; മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍
റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ സമരം നേരിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം കൊടുക്കാനുള്ള നടപടി എല്ലാം സ്വീകരിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. റേഷന്‍ വ്യാപാരികളുടെ സമരത്തെ നോക്കിക്കണ്ട് അനുസൃതമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ആവശ്യമുള്ള കേന്ദ്രങ്ങളില്‍ മൊബൈല്‍ വാഹനങ്ങളില്‍ ഭക്ഷ്യധാന്യം എത്തിക്കുമെന്നും ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
'റേഷന്‍ വ്യാപാരികളുടെ ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. വേതന വിഷയത്തിനൊഴികെ എല്ലാ വിഷയങ്ങളിലും പരിഹാരം കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ പരിഗണന ബാധ്യത ജനങ്ങളോടാണ്. സമരക്കാരോട് ഒരു ശത്രുതയും ഇല്ല. വേതന പരിഷ്‌കരണത്തിന് കുറച്ച് സമയം വേണം. സമയമെടുത്ത് പരിഹാരം കണ്ടെത്താം എന്നാണ് പറഞ്ഞത്', മന്ത്രി പറഞ്ഞു.
സമരക്കാരെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഒരു ശ്രമവുമില്ലെന്ന് ജി ആര്‍ അനില്‍ പറഞ്ഞു. ചര്‍ച്ചയ്ക്ക് മുന്നോട്ട് വന്നാല്‍ അതിനു തയ്യാറാണെന്നും ചര്‍ച്ചയ്ക്കുള്ള വാതില്‍ തുറന്നുകിടക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ നല്‍കുക എന്നതാണ് അവരുടെ പ്രാഥമിക കടമയെന്നും അത് ചെയ്തില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കേണ്ടി വരുമെന്നും മന്ത്രി ജി ആര്‍ അനില്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഭക്ഷ്യവകുപ്പും വ്യാപാരികളുമായുള്ള ചര്‍ച്ച ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അടിയന്തര സമവായ ചര്‍ച്ച. ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയെന്നും ചര്‍ച്ചയില്‍ സമവായം ആയില്ലെങ്കില്‍ കടകള്‍ ഏറ്റെടുക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഉച്ചയോടെ 500 കടകള്‍ തുറക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. നാളെ 40 മൊബൈല്‍ റേഷന്‍ ഷോപ്പുകള്‍ സര്‍വീസ് നടത്തുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷം തുറക്കാത്ത റേഷന്‍ കടകള്‍ക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടാകുമെന്നും നാളെ മുതല്‍ താലൂക്ക് അടിസ്ഥാനത്തില്‍ വിതരണം നടത്തുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.