വായ്പാ പരിരക്ഷയായി ഇന്‍ഷുറന്‍സ് എടുത്തിട്ടും കവറേജ് നല്‍കിയില്ല; എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 56.2 ലക്ഷം രൂപ നല്‍കാന്‍ വിധി
ഇന്‍ഷുറന്‍സ് എടുത്തിട്ടും കവറേജ് നല്‍കിയില്ല; എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 56.2 ലക്ഷം രൂപ നല്‍കാന്‍ വിധി
വടശ്ശേരിക്കര: വായ്പാ പരിരക്ഷയ്ക്ക് ഇന്‍ഷുറന്‍സ് എടുത്തിട്ടും കവറേജ് നല്‍കാതിരുന്ന എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി 56.2 ലക്ഷം രൂപ നഷ്ടപരിഹാകം നല്‍കാന്‍ വിധി. വടശ്ശേരിക്കര കുമരംപേരൂര്‍ തെക്കേക്കരയില്‍ എ.ടി. ലീലകുട്ടി ഫയല്‍ചെയ്ത ഹര്‍ജിയിലാണ് കമ്മിഷന്റെ ഉത്തരവ്. വായ്പ എടുത്ത വ്യക്തിയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിക്കുക ആിരുന്നു.
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ ഉദ്യോഗസ്ഥനായ ലീലകുട്ടിയുടെ മകന്‍ ലിന്റോ എന്‍.വര്‍ഗീസ് എസ്.ബി.ഐ. ടെക്നോപാര്‍ക്ക് ശാഖയില്‍നിന്നും എടുത്ത വനവായ്പയ്ക്കാണ് ഇന്‍ഷുറന്‍സ് എടുത്തിട്ടും കവറേജ് നല്‍കാതിരുന്നത്. 2019 ഡിസംബര്‍ 21 മുതല്‍ 2039 ഡിസംബര്‍ 21 വരെ, ഈ ലോണിന് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നതിനായി ലിന്റോ എസ്.ബി.ഐ. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിക്ക് 1,15,523 രൂപ പ്രീമിയം അടച്ചു.
അവിവാഹിതനായ ലിന്റോ, 2020-ല്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ലോണ്‍ എടുത്ത വ്യക്തി മരിച്ചാല്‍ അടച്ചതുകയുടെ ബാക്കി ഇന്‍ഷുറന്‍സ് കമ്പനി ബാങ്കില്‍ അടയ്ക്കണമായിരുന്നു. എന്നാല്‍ മരിച്ച ആളിന്റെ അമ്മയെ ബാങ്കുകാര്‍ ഭീഷണിപ്പെടുത്തി 55,60,000 രൂപയും ബാങ്കില്‍ അടപ്പിച്ചതായി ഹര്‍ജിയിലുണ്ടായിരുന്നു.
ഇരുകൂട്ടരുടെയും ഭാഗം കേട്ടശേഷം ഹര്‍ജിക്കാരിക്ക് ലഭിക്കാനുള്ള നിയമപ്രകാരമുള്ള തുകയായ 55,60,000 രൂപയും 50,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതിച്ചെലവും ചേര്‍ത്ത് 56,20,000 രൂപ നല്‍കാനാണ് ഉത്തരവ്. കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പറഞ്ഞത്.