സ്വര്‍ണ്ണപ്പാളി കവര്‍ച്ചാ കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുന്നു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇടപെടാനില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്
സ്വര്‍ണ്ണപ്പാളി കവര്‍ച്ചാ കേസിലെ പ്രതികളെ സി.പി.എം പൊതിഞ്ഞു സംരക്ഷിക്കുന്നു
കണ്ണൂര്‍ : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ ഇടപെടാനില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് പുറത്തായ ഒരാളെ കുറിച്ചു താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ല. രാഹുലിനെതിരെയുള്ള രണ്ടാമത്തെ പരാതി കെ.പി.സി.സി ക്ക് ഇമെയിലായാണ് ലഭിച്ചത്. അതിന് ശേഷം തന്നെ വിളിച്ചു പറയുകയും ചെയ്തു. അതാണ് ഡി.ജി.പിക്ക് അപ്പോള്‍ തന്നെ പരാതി കൈമാറാന്‍ കാരണം.
എന്നാല്‍ രാഹുലിനെതിരെ നല്‍കിയ പരാതിയില്‍ ഒരു ജുഡീഷ്യല്‍ ബുദ്ധി പ്രവര്‍ത്തിച്ചിട്ടുണ്ട്. അതു പരാതി വായിച്ചപ്പോള്‍ തന്നെ തനിക്ക് വ്യക്തമായെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ താനും പ്രതിപക്ഷ നേതാവും യു.ഡി.എഫ് കണ്‍വീനര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ദിലീപ് വിഷയത്തില്‍ യു.ഡി എഫ് കണ്‍വീനര്‍ നടത്തി പ്രസ്താവന തെറ്റാണ്. അതു തിരുത്താന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം പറഞ്ഞതിന്റെ ഒരു ഭാഗം മാത്രമേ മാധ്യമങ്ങള്‍ കൊടുത്തിട്ടുള്ളു. ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും പ്രതികളെ പൊതിഞ്ഞു സംരക്ഷിക്കുകയാണ്. കൂടുതല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങുമെന്നതുകൊണ്ടാണ് ജയിലിലായ നേതാക്കള്‍ക്കെതിരെ സി.പി.എം നടപടിയെടുക്കാത്തത്. സ്വര്‍ണക്കടത്ത് മാഫിയയുമായി സംഭവത്തിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. മുന്‍ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സ്വര്‍ണ്ണപ്പാളി കടത്തില്‍ ബന്ധമുണ്ടെന്ന് നിങ്ങള്‍ മാധ്യങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലേയെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ സ്വര്‍ണപ്പാളി കടത്തിനെതിരെയുള്ള ജനവികാരം വോട്ടായി മാറും. ശബരിമലയിലെ അപൂര്‍വ്വമായ മൂല്യമുള്ള സാധനങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയിരിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ പോളിങ് വര്‍ദ്ധിക്കാത്തത് സര്‍ക്കാരിനെതിരെ ജനവികാരമില്ലെന്ന് പറയാനാവില്ല. വോട്ടേഴ്‌സ് ലിസ്റ്റിലെ അപാകതയും വാര്‍ഡ് വിഭജനവും പോളിങ്ങ് വര്‍ധിക്കാതിരിക്കാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ ഇതു തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ല. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ചില സ്ഥലങ്ങളില്‍ സി.പി.എം നടത്തുന്നത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ്. കണ്ണൂരില്‍ തെരഞ്ഞെടുപ്പ് നിഷ്പക്ഷമായും കാര്യക്ഷമമായും നടത്തണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മിഷന് പരാതിനല്‍കിയിട്ടുണ്ട്. ഈ കാര്യത്തില്‍ മുഖ്യമന്ത്രിയും ഇടപെടണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ശശി തരൂര്‍ വിഷയത്തില്‍ നടപടി സ്വീകരിക്കേണ്ടത് ദേശീയ നേതൃത്വമാണ് ഇതില്‍ കെ.പി.സി.സി ക്ക് ഇടപെടാന്‍ കഴിയില്ല. സവര്‍ക്കറുടെ പേരിലുള്ള അവാര്‍ഡ് തനിക്ക് വേണ്ടെന്ന് ശശി തരൂര്‍ പറഞ്ഞിട്ടുണ്ട് താനറിയാതെയാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നാണ് അദ്ദേഹം വിശദീകരിച്ചത്. തെറ്റുതിരുത്തി കൊണ്ട് ആര്‍ക്കും കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാം. ശശി തരൂര്‍ ഇപ്പോള്‍ ഇലക്ഷന്‍ പ്രചാരണത്തിലാണെന്നും സണ്ണി ജോസഫ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
