കഞ്ചാവ് കടത്തുന്നതായി രഹസ്യ വിവരം; പരിശോധനക്കെത്തിയ പോലീസ് സംഘം പിടിച്ചെടുത്തത് 24 കിലോ കഞ്ചാവ്; കടത്താൻ ശ്രമിച്ചത് സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച്; പശ്ചിമബംഗാൾ സ്വദേശികൾ പിടിയിൽ
കൊച്ചി: കിലോകണക്കിന് കഞ്ചാവ് പുതിയ രീതിയിൽ കടത്താനുള്ള ശ്രമം പോലീസ് തകർത്തത് നിർണായക നീക്കത്തിലൂടെ. സൈക്കിൾ പമ്പുകളിൽ കുത്തി നിറച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച നാല് പേരെ അങ്കമാലിയിൽ നിന്ന് പിടികൂടി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശികളായ റാഖിബുൽ മൊല്ല (21), സിറാജുൽ മുൻഷി (30), റാബി(42), സെയ്ഫുൽ ഷെയ്ഖ് (36) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശ്ശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. അന്യസംസ്ഥാനങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങി നാട്ടിൽ വലിയ വിൽപ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി.
200 സൈക്കിൾ പമ്പുകളിലായി കുത്തിനിറച്ച് കൊണ്ടുവന്ന 24 കിലോ കഞ്ചാവുമായാണ് ഇവർ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെടുമ്പാശ്ശേരി എയർപ്പോർട്ട് സിഗ്നൽ ജംഗ്ഷനിൽ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദ്യമായിട്ടാണ് പമ്പുകളിൽ കഞ്ചാവ് കടത്തുന്നത് പിടികൂടുന്നത്. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് രണ്ടായിരം രൂപ നിരക്കിൽ വാങ്ങി ഇവിടെ പത്തിരട്ടി വിലക്ക് കച്ചവടം നടത്താനായിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളെയും, യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചായിരുന്നു വില്പന നടത്താൻ പദ്ധതിയിട്ടിരുന്നത്.
പ്രതികൾ കോയമ്പത്തൂരിൽ തീവണ്ടിയിറങ്ങിയ ശേഷം സംഘം ബസിൽ അങ്കമാലിയിലെത്തി. തുടർന്ന് ഓട്ടോയിൽ പോകുമ്പോഴാണ് പോലീസിന്റെ പിടിയിലാകുന്നത്. സൈക്കിൾ പമ്പ് വിൽപ്പനക്കെന്ന രീതിയിലാണ് ഇവർ യാത്ര ചെയ്തത്. പമ്പുകളിലെല്ലാം കഞ്ചാവ് നിറച്ചിരുന്നു. റൂറൽ ജില്ലാ പോലീസ് മേധാവി എം ഹേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി. ആർ. രാജേഷ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ സാബു.ജി തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.