പന്തളത്ത് വന്‍ മോഷണം: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു
പന്തളത്ത് വന്‍ മോഷണം: പ്രവാസിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു
പന്തളം: പന്തളത്ത് വന്‍ മോഷണം. പ്രവാസിയുടെ വീടിന്റെ കതക് പൊളിച്ച് 50 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചു. എം.സി റോഡില്‍ പന്തളം വലിയ പാലത്തിന് സമീപം കുളനട ലക്ഷ്മി നികേതനില്‍ വി. ബിജുനാഥിന്റെ വീട്ടിലാണ് മോഷണം. ബിജുവും ഭാര്യ ബിന്ദുവും ബഹ്റൈനിലാണ്. അമ്മ ഓമനയമ്മ മാത്രമാണ് വീട്ടിലുള്ളത്. ഇവര്‍ രാത്രി മൂത്ത മകന്റെ വീട്ടിലായിരുന്ന സമയത്താണ് കവര്‍ച്ച.
വ്യാഴാഴ്ച രാവിലെ ഓമനയമ്മ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. കതക് തുറന്നുകിടക്കുന്നത് കണ്ട് സമീപവാസികളെയും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയും ലോക്കറും കുത്തിത്തുറന്നാണ് 50 പവനോളം സ്വര്‍ണം കവര്‍ന്നത്. നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. 50 പവനോടടുത്ത് ഉണ്ടാകുമെന്ന് അമ്മ ഓമനയമ്മ പറയുന്നു. ഇതിനൊപ്പം ഓമനയമ്മയുടെ ഒരു ജോഡി കമ്മലും മോതിരവും നഷ്ടപ്പെട്ടിട്ടുണ്ട്.
വീടുപണിയുടെ ആവശ്യത്തിന് പണയം വെച്ച ശേഷമാണ് സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അടൂര്‍ ഡി.വൈ. എസ്.പി. ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ കൊടുമണ്‍ സി.ഐ ശ്രീലാല്‍ ചന്ദ്രശേഖര്‍, പന്തളം എസ്.ഐ യു.വി. വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ പന്തളം പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. രണ്ടുമാസം മുമ്പാണ് കുരമ്പാലയിലും അതിനുശേഷം പന്തളം കോളേജ് ജങ്ഷനിലെ കടകളിലും മോഷണം നടന്നത്. നാല് വീട്ടില്‍ മോഷണ ശ്രമവും നടന്നിരുന്നു.