തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്; കലൂര്‍ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും വീണു; 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; പരിക്കേറ്റത് തലയ്ക്ക്

തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്

Update: 2024-12-29 13:11 GMT

കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നൃത്ത പരിപാടയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ വിഐപി ഗാലറിയില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംഎല്‍എക്ക് ഗുരുതമായി പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

തലക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുമ്പോള്‍, ഗാലറിയില്‍ താത്കാലികമായി കെട്ടിയ ബാരിക്കേഡില്‍ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

സന്നദ്ധ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിലാണ് ഉമ തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. സി ടി സ്‌കാന്‍ അടക്കം എടുത്തു പരിശോധനകളിലേക്ക് ആശുപത്രി അധികൃതര്‍ കടന്നിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എംഎല്‍എ ബോധാവസ്ഥയില്‍ ആയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. കലൂര്‍ സ്റ്റേഡിയത്തില്‍ 12000 ഭരതനാട്യ നര്‍ത്തകര്‍ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു പരിപാടി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയാണിത്.

Tags:    

Similar News