'പണം, അധികാരം, സ്ത്രീ, മയക്കുമരുന്ന്...'; സ്ത്രീ വിരുദ്ധത ലഹരി ഉപയോഗ സന്ദേശങ്ങള്‍ വാഹനങ്ങളിലൂടെ പരസ്യമാക്കുന്നത് സമൂഹത്തിന് ആശങ്ക; വാഹന ഉടമകള്‍ക്കെതിരെ നിയമപരമായി വലിയ ശിക്ഷകളൊന്നുമില്ലെന്നതും ഇത്തരം എഴുത്തുകള്‍ വര്‍ദ്ധിക്കാന്‍ കാരണം; പിഴ 250 രൂപ മാത്രം; താക്കീത് നല്‍കി നശിപ്പിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ രീതിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്

Update: 2025-03-25 07:14 GMT

തൃശ്ശൂര്‍: ലഹരി ഉപയോഗം, സ്ത്രീ വിരുദ്ധത എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങള്‍ വാഹനങ്ങളിലൂടെ പരസ്യമാകുന്നത് സമൂഹത്തിന് ആശങ്കയാകുന്നു. ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ലോറിയുകള്‍ എന്നിവയുടെ പിന്‍ഭാഗങ്ങളില്‍ ഇത്തരം നിയമവിരുദ്ധ സന്ദേശങ്ങള്‍ പതിപ്പിക്കുകയാണ് പതിവ്. പുതുതലമുറയെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്കും ലഹരിയിലേക്കും ആകര്‍ഷിക്കുന്ന രീതിയിലാണ് ഈ മുദ്രാവാക്യങ്ങളും ചിത്രങ്ങളും തയ്യാറാക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പ്, എക്സൈസ്, പൊലീസ് എന്നിവര്‍ക്ക് കാര്യക്ഷമമായ നടപടി സ്വീകരിക്കാന്‍ കഴിയാത്തത് പ്രശ്‌നം കൂടുതല്‍ മൂര്‍ച്ഛിപ്പിക്കുകയാണ്. വാഹന ഉടമകള്‍ക്കെതിരെ നിയമപരമായി വലിയ ശിക്ഷകളൊന്നുമില്ലെന്നതും ഈ പ്രവണത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.

250 രൂപ പിഴമാത്രമെ ചുമത്താനാകൂയെന്നാണ് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. പല വാഹനങ്ങളിലും കഞ്ചാവ് ഇലയുടെ ചിത്രങ്ങള്‍ കാണാറുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നു. പുതുതലമുറയെ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കുംവിധമുള്ള ആശയങ്ങളാണ് ഇതോടൊപ്പമുണ്ടാകുക. പണം, അധികാരം, സ്ത്രീ, മയക്കുമരുന്ന്... എന്നിങ്ങനെ മുദ്രാവാക്യംപോലെ വാഹനത്തിനു പിന്നില്‍ കുറിച്ചിട്ടതും കാണാം. പൊതുവാഹനമായി ഉപയോഗിക്കുന്ന ഓട്ടോറിക്ഷകളിലും ഇത്തരം സന്ദേശങ്ങള്‍ കാണാറുണ്ട്.

താക്കീതുനല്‍കി അവ നശിപ്പിക്കുക എന്ന രീതിയാണ് മോട്ടോര്‍വാഹനവകുപ്പ് സ്വീകരിക്കുന്നത്. എവിടെയെങ്കിലും നിര്‍ത്തിയിട്ട വാഹനങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ കണ്ടാല്‍മാത്രമാണ് നടപടിയെടുക്കുന്നത്. പിന്തുടര്‍ന്ന് പിടിക്കല്‍ അപകടസാധ്യതമൂലം നടക്കുന്നുമില്ല. ഇരുചക്രവാഹനങ്ങളിലും കഞ്ചാവുചെടിയുടെ ചിത്രങ്ങള്‍ ധാരാളം കാണാറുണ്ട്. ഇത്തരമൊന്ന് പിടികൂടി നീക്കംചെയ്യവേ വാഹന ഉടമയായ യുവാവ് ദൃശ്യം ചിത്രീകരിച്ചു. റീല്‍സായിരുന്നു ലക്ഷ്യം. അധികൃതര്‍ ഇതിന്റെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയപ്പോഴാണ് അയാള്‍ പിന്‍വാങ്ങിയത്.

ഇതുകൂടാതെ വാഹനത്തിന്റെ പിന്നില്‍ തെറിവാക്കുകള്‍ എഴുതിവെക്കുന്നവരും ഉണ്ട്. ടിപ്പര്‍ ലോറികളിലും ഇത്തരം എഴുത്തുകള്‍ കാണാറുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലതെങ്കിലും ഇംഗ്ലീഷിലാണെന്നതാണ് ചെറിയ ആശ്വാസം. ലഹരിവസ്തുക്കളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങള്‍ അടങ്ങിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഒരുസമയത്ത് സക്രിമായിരുന്നു. ബൈക്കുകളിലാണ് ഇത്തരം സന്ദേശങ്ങള്‍ കൂടുതല്‍. ഓട്ടോറിക്ഷകളിലായാലും മറ്റു വാഹനങ്ങളിലായാലും ലഹരിയെ പ്രോത്സാഹിപ്പിക്കുന്നതിനെതിരേ ശക്തമായി രംഗത്തുവരും.

ലഹരിക്കെതിരേ കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ളവ നടത്തുന്നുണ്ട്. ലഹരിവിരുദ്ധ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതെല്ലാം തുടരുമെന്നും ബിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം എ.സി. കൃഷ്ണന്‍ പറഞ്ഞു. ഇത്തരം സ്റ്റിക്കറുകള്‍ക്കെതിരേ നിയമത്തില്‍ കൃത്യമായ പിഴയില്ല. സമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും മോട്ടോര്‍നിയമലംഘനവും എല്ലാം ഉള്‍പ്പെടുത്തിയാണ് ഇതിനെതിരേ നടപടിയെടുക്കുന്നത്. പൊതുജനം ഇത്തരം പ്രവണതകള്‍ക്കെതിരേ പ്രതികരിച്ചാല്‍ നടപടിക്ക് കുറച്ചുകൂടി എളുപ്പമുണ്ട്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പയസ് ഗിറ്റ് പറഞ്ഞു.

Tags:    

Similar News