കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു; ഡ്രോണ്‍ പരിശോധനയുമായി വനം വകുപ്പ്; യുവതിയെ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഷാഫി പറമ്പില്‍ എം.പി
കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ സിന്ധുവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു
കണ്ണൂര്‍ : കണ്ണവം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവതിയെ കാണാതായ സംഭവത്തില്‍ അത്യാധുനിക സംവിധാനത്തോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ശക്തമാക്കി. ഡ്രോണ്‍ ഉപയോഗിച്ച് വനത്തിനകത്ത് തെരച്ചില്‍ നടത്താന്‍ പ്രത്യേക പ്രാവീണ്യം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും ഡോഗ് സ്‌ക്വാഡുമാണ് ബുധനാഴ്ച്ച രാവിലെ മുതല്‍ തെരച്ചില്‍ തുടങ്ങിയത്.
കണ്ണവം കോളനിയിലെ പൊരുന്നന്‍ ഹൗസില്‍ എന്‍.സിന്ധുവിനെ (40) യാണ് ഡിസംബര്‍ 31 മുതല്‍ കാണാതായത്. കഴിഞ്ഞ ഒരാഴ്ച്ചയായിട്ടും ഇവരെ കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ന, കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി ഉമേഷ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രദേശവാസികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് തെരച്ചിലിന് അത്യാധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മാനസികമായി വെല്ലുവിളി നേരിടുന്ന യുവതിയാണ് സിന്ധു. അതീവ ദരിദ്രകുടുംബത്തിലെ അംഗമായ ഇവര്‍ വനത്തിനുള്ളില്‍ സാധാരണയായി വിറക് ശേഖരിക്കാന്‍ പോയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഉള്‍വനത്തില്‍ വഴിതെറ്റി ഇവര്‍ കുടുങ്ങിയിട്ടുണ്ടോയെന്നാണ് വനം വകുപ്പിന്റെ സംശയം. നേരത്തെ യുവതി കാണാതായെന്ന് അറിയിച്ചിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലിസും നടപടിയെടുത്തില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംയുക്ത യോഗം ചേര്‍ന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചു. യുവതിയെ കാണാതായ സംഭവത്തില്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.