എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഹൃദയാരോഗ്യനില ഇനിയും മെച്ചപ്പെടണം; നിരീക്ഷണം തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍; 48 വര്‍ഷം മുമ്പത്തേത് പോലുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് എഴുത്തുകാരന്‍ സേതു

എം ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Update: 2024-12-22 06:25 GMT

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം.ടി. വാസുദേവന്‍ നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോടു നേരിയ തോതില്‍ പ്രതികരിക്കുന്നുണ്ടെങ്കിലും സ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം. ഇന്നലത്തെ അതേ നിലയില്‍ തുടരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. ഡോക്ടര്‍മാര്‍ നിരീക്ഷണം തുടരുന്നു.

നേരത്തെ അതീവഗുരുതര സ്ഥിതിയിലായിരുന്ന എംടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. എംടി മരുന്നുകളോട് പ്രതികരിക്കുന്നതായും കൈകാലുകള്‍ ചലിപ്പിക്കാന്‍ കഴിഞ്ഞതായും വിലയിരുത്തി. എങ്കിലും ഹൃദയത്തിന്റെ ആരോഗ്യ നില ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. എം ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ വിലമതിക്കുന്ന മലയാളികള്‍. എംടി ആരോഗ്യത്തോടെ തിരിച്ചുവരാനാണ് കാത്തിരിക്കുന്നത് എന്ന് എഴുത്തുകാരന്‍ സേതു ഫേസ്ബുക്കില്‍ കുറിച്ചു.

48 വര്‍ഷം മുന്‍പത്തെ എംടിയുടെ ആശുപത്രി വാസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സേതുവിന്റെ കുറിപ്പ്. അന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നതുപോലെ എംടി ആരോഗ്യത്തോടെ തിരിച്ചുവരാനാണ് കാത്തിരിക്കുന്നത് എന്നാണ് അദ്ദേഹം കുറിച്ചത്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പില്‍ കോഴിക്കോട്ടെ ഒരു ആശുപത്രി വളപ്പില്‍ ഞാനും സംവിധായകന്‍ എം .ആസാദും കാവല്‍ നിന്നത് ഓര്‍മ്മ വരുന്നു. കാര്യമായി ആരുമുണ്ടായിരുന്നില്ല അവിടെ. കുഞ്ഞാണ്ടി, പുതുക്കുടി ബാലന്‍ അങ്ങനെ ചില മുഖങ്ങള്‍ ഓര്‍മ്മയുണ്ട്. നാല്പത്തെട്ട് മണിക്കൂറുകള്‍ കഴിഞ്ഞേ എന്തെങ്കിലും പറയാനാവൂ എന്നാണ് ഡോക്ടര്‍ സി. കെ. രാമചന്ദ്രന്‍ പറഞ്ഞിരുന്നത്. അത് കഴിഞ്ഞു നാല്പത്തെട്ട് വര്‍ഷത്തോളം അദ്ദേഹം മലയാളി മനസ്സില്‍ നിറഞ്ഞു നിന്നു....അതു പോലെ ഒന്ന്. ......എളുപ്പമല്ല എന്നറിയാം. പക്ഷെ അത്യാവശ്യം ആരോഗ്യത്തോടെ ...ഇതൊരു മോഹമാണ് ...- സേതു കുറിച്ചു.


Full View

16നു പുലര്‍ച്ചെയാണ് കഫക്കെട്ടും ശ്വാസതടസ്സവും വര്‍ധിച്ചതിനെ തുടര്‍ന്ന് എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നുമുതല്‍ ഐസിയുവില്‍ ആയിരുന്നെങ്കിലും വെള്ളിയാഴ്ച രാവിലെ ചെറിയ തോതില്‍ ഹൃദയാഘാതം ഉണ്ടായതോടെയാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലായത്.


Tags:    

Similar News