കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍ കുടുങ്ങിയതിന്റെ അടയാളം; തുടയില്‍ മുറിവ്; ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവ് കിണറ്റില്‍ വീണു മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തില്‍ അന്വേഷണം

ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവ് കിണറ്റില്‍ വീണു മരിച്ച നിലയില്‍

Update: 2024-11-19 16:42 GMT

മലപ്പുറം: ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവിനെ കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത് പൊലീസ് അന്വഷണം തുടങ്ങി. ആശുപത്രിയില്‍ ചികിത്സക്കിടെ കാണാതായ യുവാവിനെയാണു ഇന്നു കിണറ്റില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. എളങ്കൂര്‍ കാരയില്‍ പുലിമല വീട്ടില്‍ ബാലന്റെ മകന്‍ പ്രദീപ് (30) ആണ് മരിച്ചത്. മഞ്ചേരി തുറക്കല്‍ ബൈപ്പാസിന് സമീപത്തെ കിണറ്റിലാണ് ഇന്നു രാവിലെ മൃതദേഹം കണ്ടത്.

പനി ബാധിച്ചതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയത്. നേരിയ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം രക്തം പരിശോധിക്കാനായി പുറത്തു പോകവെ യുവാവ് ആശുപത്രിയുടെ പഴയ ബ്ലോക് വഴി ഓടി രക്ഷപ്പെട്ടു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസെത്തി തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

തുറക്കല്‍ കച്ചേരിപ്പടി ബൈപ്പാസ് റോഡില്‍ കരിമ്പ് ജ്യൂസ് വില്‍പന നടത്തുന്ന തൊഴിലാളി വെള്ളം ശേഖരിക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയും മഞ്ചേരി അഗ്നിരക്ഷാസേന എത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു. പൊലീസ് ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി വൈകീട്ട് അഞ്ച് മണിയോടെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

കിണറ്റിലെ വെള്ളം ശ്വാസകോശത്തില്‍ കയറിയതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കാലിന്റെ തുടയില്‍ മുറിവുണ്ട്. കൂടാതെ കഴുത്തില്‍ വള്ളിപ്പടര്‍പ്പുകള്‍ കുടുങ്ങിയതിന്റെ അടയാളവുമുണ്ട്. കൂടുതല്‍ പരിശോധനക്കായി ആന്തരാവയങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു മാതാവ്: തങ്കമണി. സഹോദരങ്ങള്‍: പ്രവീണ്‍, പരേതനായ ഹരിദാസന്‍.

Tags:    

Similar News