സന്നിധാനത്ത് കൊപ്രാക്കളത്തിലേക്കുള്ള പാത തകര്‍ന്നു തന്നെ; അപകടസാധ്യത വര്‍ധിച്ചു; ലോഡുമായി പോയ ട്രാക്ടര്‍ ചരിഞ്ഞു
സന്നിധാനത്ത് കൊപ്രാക്കളത്തിലേക്കുള്ള പാത തകര്‍ന്നു
ശബരിമല: സന്നിധാനത്ത് കൊപ്രാക്കളത്തിലേക്കുള്ള പാത തകര്‍ന്നു തന്നെ കിടക്കുന്നു. അപകട സാധ്യത വര്‍ധിച്ചിട്ടും യാതൊരു നടപടിയുമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് ലോഡുമായി കയറ്റം കയറി വന്ന ട്രാക്ടര്‍ ഒരു വശത്തേക്ക് ചരിഞ്ഞുവെങ്കിലും മറിയാതിരുന്നത് വലിയ അപകടം ഒഴിവാക്കി. കോണ്‍ക്രീറ്റ് ചെയ്ത പാത ഏറെക്കാലമായി തകര്‍ന്ന് കിടക്കുകയാണ്. റോഡില്‍ പാറക്കഷണങ്ങളും കിടപ്പുണ്ട്. ഭാരം കയറ്റിയ ട്രാക്ടറുകള്‍ പോകുമ്പോള്‍ കുഴികള്‍ രൂപപ്പെടും. മഴ പെയ്ത് ചെളി കൂടിയായതോടെ റോഡ് തെന്നാനും തുടങ്ങി.
ട്രാക്ടറിന്റെ ചക്രങ്ങള്‍ കുഴിയില്‍ താഴുകയും ചെയ്യും. കൊപ്രാക്കളത്തില്‍ നിന്ന് ലോഡുമായി കയറ്റം കയറി വന്ന നിരവധി ട്രാക്ടറുകള്‍ പാതയിലെ ചെളിയില്‍ പുതഞ്ഞു. മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുമ്പോള്‍ ചക്രങ്ങള്‍ കിടന്ന് കറങ്ങുകയായിരുന്നു. മറ്റൊരു ട്രാക്ടറിന്റെ സഹായത്തോടെ ചെളിയില്‍ പുതഞ്ഞ് പാറക്കല്ലുകള്‍ക്കിടയില്‍പ്പെട്ട ട്രാക്ടര്‍ വടം കെട്ടി വലിച്ച് പുറത്തെത്തിച്ചു.
ദിവസവും നൂറ് കണക്കിന് ട്രാക്ടറുകളാണ് നിറയെ ലോഡുമായി തകര്‍ന്ന കുത്തനെയുള്ള പാതയിലൂടെ പോകുന്നത്. കൊപ്രാക്കളത്തിലെ പാത തകര്‍ന്ന് ട്രാക്ടറുകള്‍ ഇറക്കാന്‍ കഴിയാതിരുന്നാല്‍ ചരക്ക് നീക്കം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് കരാറുകാര്‍ ശേഖരിക്കുന്ന നാളികേരം കൊപ്രാക്കളത്തില്‍ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകും.