ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ട കേസില്‍ ശോഭാ സുരേന്ദ്രന് കണ്ണൂര്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

ശോഭാ സുരേന്ദ്രന് കണ്ണൂര്‍ കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്

Update: 2024-12-09 18:26 GMT

കണ്ണൂര്‍ : സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍ നല്‍കിയ മാനനഷ്ട കേസില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് കോടതി നോട്ടീസ് അയച്ചു 2125 ഫെബ്രുവരി 10ന് ഹാജരാകാനാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി നോട്ടീസ് അയച്ചത്.

ഇ.പി. ജയരാജന്‍ ബി.ജെ.പിയില്‍ ചേരാന്‍ താനുമായി ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ രഹസ്യ ചര്‍ച്ച നടത്താനെത്തിയെന്നായിരുന്നുശോഭാ സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ അജ്ഞാത ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് ജയരാജന്‍ അവസാന നിമിഷം പിന്‍മാറിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതു തള്ളിക്കൊണ്ടാണ് ഇ.പി ജയരാജന്‍ നിയമനടപടികള്‍ക്കായി കണ്ണൂര്‍ കോടതിയില്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

കഴിഞ്ഞ ഡിസംബര്‍ ഒന്നിന് കൂത്തുപറമ്പില്‍ നടന്ന കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ശോഭ താന്‍ ഉന്നയിച്ച ആരോപണം ആവര്‍ത്തിച്ചിരുന്നു. കുളിച്ചൊരുങ്ങി ജയരാജന്‍ ഡല്‍ഹിയില്‍ വന്നു തന്നെ വന്നു കണ്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ചോദിച്ചത്.

ജയരാജന്‍ ബി.ജെ.പിയില്‍ ചേരുന്നതിനായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സി.പി.എമ്മിനകത്തു നിന്നും ജയരാജനെതിരെ വിമര്‍ശനമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇ പി ജയരാജന്‍ മാനനഷ്ട കേസുമായി കോടതിയെ സമീപിച്ചത്. ദല്ലാള്‍ നന്ദകുമാര്‍ മുഖേനയാണ് ജയരാജന്‍ താനുമായി രഹസ്യ ചര്‍ച്ചയ്ക്കായി ബന്ധപ്പെട്ടതെന്നായിരുന്നു ശോഭയുടെ ആരോപണം. ദല്ലാള്‍ നന്ദകുമാര്‍ പിന്നീട് ഈ കാര്യത്തില്‍ വിശദീകരണവുമായി രംഗത്തുവന്നിരുന്നു.

Tags:    

Similar News